ഹരിദാസ് ബാലകൃഷ്ണന്‍
കെ.പി. അപ്പൻ ഓർമ്മയായിട്ട് ഇന്ന് 15 വർഷം ആകുന്നു. അദ്ദേഹത്തിന്റെ സാഹിത്യനിരൂപണ ജീവിതം സമാനതകൾ ഇല്ലാത്തതായിരുന്നു. എഴുപതുകളിൽ മലയാള സാഹിത്യ വിമർശനരംഗത്തെ സർഗ്ഗാത്മക ധ്യാന സൗന്ദര്യമായിരുന്നു കെ പി അപ്പൻ എന്ന കാർത്തികയിൽ പത്മനാഭൻ അപ്പൻ.ആധുനിക പ്രസ്ഥാനത്തിന്റെ ക്ഷോഭിക്കുന്ന സുവിശേഷകനും സർഗ്ഗാത്മക നിരീക്ഷ കനുമായിരുന്നു കെ പി അപ്പൻ. അപ്പനു മുൻപുവരെയുള്ള വിമർശന ഭാഷയല്ല അപ്പൻ കൊണ്ടുവന്നത്.
വിമർശനത്തിന് സർഗ്ഗാത്മകമായ സൗന്ദര്യവും ധ്യാനാത്മകതയുടേതായ ഭാഷ കൊണ്ടുവന്നത് കെ പി അപ്പനായിരുന്നു. സുകുമാർ അഴിക്കോടിന്റെ ഭാഷയിൽ പറഞ്ഞാൽ സ്വർഗ്ഗീയ മുദ്രയുള്ള ഒരു മലയാളഭാഷ കൊണ്ടു വന്നു എന്നതാണ് അപ്പന്റെ പ്രത്യേകത. വിമർശനം സൗന്ദര്യ അനുഭൂതിയായി വായനക്കാരെ ത്രസിപ്പിക്കുന്നതും അമ്പരിപ്പിക്കുന്നതും അപ്പനിലൂടെ മലയാളഭാഷ കണ്ടു.
മലയാളവിമർശനം അപ്പനിലൂടെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയായിരുന്നു. അപ്പന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ എന്റെ വിമർശനത്തിന്റെ ബുദ്ധിക്കു മൂർച്ച നൽകുന്നത് പാണ്ഡിത്യമല്ല നിരീക്ഷണങ്ങളും സൗന്ദര്യബോധവുമാണ്. നിരീക്ഷണങ്ങളാണ് വിമർശനത്തിന്റെ പാതയിൽ ആദ്യത്തെ നീണ്ട ചുവടു വയ്പുകൾ എന്നു ഞാൻ വിശ്വസിക്കുന്നു.
പേനയുടെ സമരമുഖങ്ങൾ
അപ്പനുയർത്തുന്ന പേനയുടെ സമരമുഖങ്ങൾ എന്തെന്നറിയണമെങ്കിൽ താഴെ പറയുന്ന ഖണ്ഡികകളിലൂടെ നമ്മൾ കടന്നുപോകേണ്ടതുണ്ട്. വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച എഴുത്തുകാരിൽ ഭൂരിഭാഗവും ഇടതുപക്ഷക്കാരായതുകൊണ്ട് എന്റെ വിമർശനം അവർക്ക് നേരെ ചെല്ലുന്നു എന്ന അമ്പരപ്പും യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല. ഇടതുപക്ഷ ബുദ്ധി ജീവികളെ എന്നതുപോലെ വലതുപക്ഷ ബുദ്ധിജീവികളെയും ഞാൻ ആക്രമിച്ചിട്ടുണ്ട്.
ഇടതുപക്ഷ ബുദ്ധിജീവികളെ ഞാൻ ഗൗരവപൂർവ്വം വിമർശിക്കുകയും എന്നാൽ വലതുപക്ഷ ബുദ്ധിജീവികളെ എന്റെ വാക്കുകൾ കൊണ്ട് നാണംകെടുത്തുകയും കൂകിവിളിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഉപരിവിപ്ലവങ്ങളായ നിരീക്ഷണങ്ങളിൽ പോലും തെളിഞ്ഞുകാണുന്ന പരമാർത്ഥങ്ങളാണിതൊക്കെയെങ്കിലും മാർക്‌സിസ്റ്റു എഴുത്തുകാർക്ക് ഇതൊന്നും കാണാൻ കഴിയുകയില്ല. കാരണം ഇടതുപക്ഷ ബുദ്ധിജീവികൾ എന്റെ ലേഖനങ്ങൾ ത്രീ ഡി കണ്ണടവച്ചാണ് വായിക്കാറുള്ളത്. അതുകൊണ്ടു ഞാൻ പ്രയോഗിക്കുന്ന എല്ലാ വാക്കുകളും അവരുടെ നേരെ ചെല്ലുന്നുവെന്നാണ് അവർക്കു തോന്നുന്നത്.
നിഷ്പക്ഷരായ അരാഷ്ട്രീയ വാദികൾ ഏതെങ്കിലും രാഷ്ട്രീയ ശക്തിയുടെ ഉപകരണമായി തീരും എന്ന വാദം രാഷ്ട്രീയ കുമാരൻമാർക്കുള്ള പഠനക്ലാസ്സിൽ മാത്രം പറയാവുന്ന ആശയമാണ്. പാരതന്ത്ര്യം ആരംഭിക്കുന്നത് എവിടെ നിന്ന്? എന്ന് അന്വേഷിക്കുന്നവരെ രാഷ്ട്രീയക്കാരായി എഴുത്തുകാർ രാഷ്ട്രീയ ചൂരൽ കൊണ്ട് ശിക്ഷിക്കുന്നതിന്റെ ഒരു സ്ഥിരം മാതൃകയാണിത്. ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ എഴുത്തുകാർ കക്ഷി രാഷ്ട്രീയത്തിന്റെ കരുതൽ പട്ടാളക്കാരായി തരംതാഴുന്നു. അപ്പനെ കുറിച്ച് പ്രൊഫസർ എംകെ സാനു മാഷിന്റെ വാക്കുകൾ സാഹിത്യവിമർശനത്തിൽ പലതരം സമ്പ്രദായങ്ങൾ ഫാഷൻ പോല വരികയും പോകുകയും ചെയ്തിട്ടുണ്ട്. അതനുസരിച്ച് മറ്റു എല്ലാ മലയാള വിമർശകരും വേഷം കെട്ടാൻ ഉത്സാഹം കാട്ടുന്നതായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്.
അതിലൊന്നും ഭ്രമിക്കാതെ തന്റെതായ അഭിരുചി വിശേഷത്തോട് മാത്രം കൂറുപുലർത്തുന്നതിൽ നിശ്ചയദാർഢ്യം പുലർത്തി എന്നത് കെപി. അപ്പന്റെ സമാരാധ്യമായ ഗുണമാണ്.അപ്പനെ കുറിച്ച് വിമർശനത്തിലെ പ്രകാശഗോപുരമായിരുന്ന സുകുമാർ അഴീക്കോട് എഴുതുന്നത് നോക്കുക. അപ്പന്റെ മധുരം നിന്റെ ജീവിതമെന്ന ഗ്രന്ഥത്തിൽ അപ്പൻ മതത്തിലൂടെ മത ത്തിലേയ്ക്ക് നമ്മെ കൊണ്ടുപോകുകയാണ് മലയാളത്തിന് അപൂർവ്വ സംഭാവനയാണ് ഇതെന്ന് പറയുന്നതിനെക്കാൾ ശരിയാവുക വിവിധ ഇന്ത്യൻ സാഹിത്യങ്ങളിൽ അപൂർവ്വമായ രചനയായിരിക്കും ഇതെന്ന് പറയുകയായിരിക്കും.
കാക്കനാടൻ അപ്പനെ കുറിച്ച് ഇങ്ങനെയെഴുതി. മർമ്മത്തിൽ തൊട്ട് എഴുതാനുള്ള അപ്പന്റെ സിദ്ധിയാണ് അത്ഭുതം സൃഷ്ടിക്കുന്നത്. ഈ കഴിവ് അപ്പനെപോലെ മറ്റൊരു വിമർശകനുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അദ്ദേഹമൊരു നിരൂപകനല്ല മറിച്ച് ഒരു യഥാർത്ഥ വായനക്കാരനാണ്. വായനക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ അനിതര സാധാരണമായ കഴിവുണ്ട്. അതിലുപരി ഭയങ്കരമായ ഇൻസൈറ്റ്, ഈ ഉൾക്കാഴ്ചയാണ് അപ്പനെ കൃതികളുടെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാൻ പ്രേരിപ്പിക്കുന്നത്.
സ്വയം വിമർശിക്കുന്ന വിമർശകൻ
തന്റെ വിമർശനത്തെ കുറിച്ച് അപ്പൻ തന്നെ പറയുന്നത് കേൾക്കുക എളുപ്പത്തിൽ പാപം ചെയ്യാനുള്ള മാർഗ്ഗം എന്ന നിലയിലല്ല. ഞാൻ വിമർശനത്തിലേയ്ക്ക് കടന്നത്. അത് എനിക്ക് സ്‌നേഹത്തെക്കാൾ വിലപ്പെട്ട വികാരമാണ്. വിമർശനം എനിക്ക് മാനവികതയ്ക്കുള്ളിലെ വ്യക്തിയുടെ കർമ്മമാണ്. സംസ്‌കാരത്തിനുള്ളിലെ വ്യക്തിയുടെ ധർമ്മമാണ്. ഏതു കാഴ്ചപ്പാടു സ്വീകരിക്കുമ്പോഴും സൃഷ്ടിയെ വ്യക്തിപരമായി വിലയിരുത്താനാണ് ഞാൻ ശ്രമിക്കുന്നത്. അതിനെക്കാൾ സത്യസന്ധമായൊരു ധർമ്മം സ്വീകരിക്കാൻ ഒരു വിമർശകനും സാദ്ധ്യമല്ല. വിമർശനത്തെ എത്ര ഗൗരവപൂർവ്വമാണ് കെപി അപ്പൻ കാണുന്നതെന്ന് മുകളിലത്തെ വരികൾ വായിച്ചാൽ നമുക്ക് മനസ്സിലാകും.
ഗുരുവിന്റെ ഫലിതം
ചരിത്രത്തെ അഗാധമാക്കിയ ഗുരു എന്ന ഗ്രന്ഥത്തിൽ ഗുരുവിന്റെ ഫലിതങ്ങളെ കുറിച്ച് അപ്പൻ പറയുന്നത് കേൾക്കുക. ഒരിക്കൽ മഹാകവി ഉള്ളൂർ ഗുരുവിനെ കാണാൻ എത്തി. ഗുരു ഉള്ളൂരിനെ സ്വീകരിച്ച് ഊണുകഴിക്കാൻ ക്ഷണിച്ചു. കവി അത് സന്തോഷപൂർവ്വം സ്വീകരിച്ചു. അവർ ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിലെത്തി. അവിടെ ഒന്നുരണ്ടു സന്യാസി ശിഷ്യന്മാരും കുറെ ഹരിജൻ കുട്ടികളും ഊണു കഴിക്കാൻ ഉണ്ടായിരുന്നു. വേഷം കൊണ്ടും രൂപം കൊണ്ടും അത്ര യോഗ്യരല്ലാത്ത കുട്ടികളെ കണ്ട് ഉള്ളൂർ ചെറുതായൊന്നു പകച്ചതുപോലെ ഗുരുവിനുതോന്നി. വേടക്കിടാത്തനിൽ ആദ്ധ്യാത്മിക വെളിച്ചം കണ്ട കവിയാണ്.
മറ്റു പലരെക്കാൾ മുൻപേ മാനസിക പുരോഗതിയുടെ പടികൾ കയറിയ വലിയ മനുഷ്യനാണ് ഉള്ളൂർ. എന്നിട്ടും പെട്ടെന്ന് അഭിമുഖീകരിക്കേണ്ടി വന്ന കടുത്ത യാഥാർത്ഥ്യത്തിനുമുന്നിൽ കവി ഒന്നു പതറിയതുകണ്ട് ഗുരു അടുത്തു നിന്ന ഹരിജൻ കുട്ടികളുടെ ശിരസ്സിൽ തലോടിക്കൊണ്ടിരുന്നു. എല്ലാവരും ഉണ്ണാൻ ഇരുന്നു. ഗുരുവിന്റെ വലതുപക്ഷത്തു തന്നെയാണ് ഉള്ളൂരിന്റെ സ്ഥാനം. ഇലയിടാൻ ആരംഭിച്ചു. ചോറു വിളമ്പി. പരിപ്പുകറി ഒഴിച്ചു. പിന്നീട് പപ്പടം വന്നു. അപ്പോൾ ഗുരു പറഞ്ഞു. പപ്പടം നമുക്കൊന്നിച്ച് പൊടിക്കണം. ഒരു നിമിഷത്തിനുശേഷം പപ്പടങ്ങൾ പടപടായെന്ന് പൊടിയുന്ന ശബ്ദം കേട്ട്. അതുകഴിഞ്ഞ് ഗുരു ഉള്ളൂരിനോട് ചോദിച്ചു. പൊടിഞ്ഞോ? അതിന്റെ ധ്വനി ജാതി ചിന്ത പൊടിഞ്ഞോ എന്നാണെന്ന് മനസ്സിലാക്കാൻ കവിയ്ക്ക് ഒരു നിമിഷം പോലും വേണ്ടി വന്നില്ല.
മധുരം നിന്റെ ജീവിതം
കാർത്തികയിൽ പത്മനാഭൻ അപ്പൻ എന്ന കെ.പി. അപ്പൻ 1938 ഓഗസ്റ്റ് മാസം 25-ാം തീയതി ആലപ്പുഴയിലെ പൂന്തോപ്പു വാർഡിൽ ജനിച്ചു. ആലപ്പുഴ സനാതനധർമ്മവിദ്യാലയം, എസ്.ഡി. കോളേജ്, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ പഠനം. ആലുവ യു.സി. കോളേജ്, ചേർത്തല എസ്.എൽ. കോളേജ്, കൊല്ലം എസ്.എൻ. കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി നോക്കി. കെ. ബാലകൃഷ്ണന്റെ കൗമുദി വാരികയിൽ എഴുതി തുടങ്ങി. മാതൃഭൂമിയിലും മറ്റും പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ വന്നു. 1973 ഫെബ്രുവരിയിൽ ക്ഷോഭിക്കുന്നവരുടെ സുവിശേഷം പുറത്തുവന്നു.
അതിനു മുൻപുവരെയില്ലാത്ത ഒരു പുതിയ വിമർശന രീതി മലയാള സാഹിത്യം കാണുകയായിരുന്നു. എതിർപ്പുകളും വിയോജന കുറിപ്പുകളും ആദ്യകൃതിയെ പ്രശസ്തമാക്കി. വിമർശനകൃതി മൗലികമായ ഒരു കൃതിയായി വായിക്കപ്പെടാൻ തുടങ്ങിയത് അപ്പനോടുകൂടിയാണ്. തന്റെ വിമർശനത്തിന്റെ ബുദ്ധിക്ക് മൂർച്ച നൽകുന്നത് പാണ്ഡിത്യമല്ല, മറിച്ച് നിരീക്ഷണങ്ങളും സൗന്ദര്യബോധവുമാണെന്ന് അപ്പൻ ആ കൃതികളിലൂടെ തെളിയിച്ചു.
തുടർന്ന് തിരസ്‌കാരം, കലഹവും വിശ്വാസവും, മാറുന്ന മലയാളനോവൽ, കലാപം വിവാദം വിലയിരുത്തൽ, മലയാള ഭാവന മൂല്യങ്ങളും സംഘർഷങ്ങളും, വരകളും വർണ്ണങ്ങളും, ബൈബിൾ വെളിച്ചത്തിന്റെ കവചം, പേനയുടെ സമരമുഖങ്ങൾ, സമയപ്രവാഹവും വംശാവലിയും, വിവേകിയായ വായനക്കാരാ, ചരിത്രത്തെ അഗാധമാക്കിയ ഗുരു, മധുരം നിന്റെ ജീവിതം തുടങ്ങിയ കൃതികൾ മലയാള വിമർശന സാഹിത്യത്തിലെ രത്‌നങ്ങളായി ശോഭിക്കുന്നു.