ടെല്‍ അവീവ്: ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 13 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്. ഇസ്രയേലില്‍ നിന്ന് 150ലധികം പേരെയാണ് ആക്രമണത്തിനിടെ ഹമാസ് പിടികൂടിയത്. മരിച്ച ബന്ദികളില്‍ വിദേശികളുമുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അവശേഷിക്കുന്ന ബന്ദികളെ രക്ഷപ്പെടുത്താന്‍ അടിയന്തര നടപടി ഉണ്ടാവണമെന്ന ആവശ്യം ശക്തമായി. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെയുള്ള ബന്ദികളിലുണ്ട്.
പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേലിലെ അഷ്‌കലോണിലേക്ക് വീണ്ടും ഹമാസ് റോക്കറ്റാക്രമണം നടത്തി. ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ 1500 ലധികം പേരാണ് കൊല്ലപ്പെട്ടത്.
നിരവധി ഇസ്രയേല്‍ പൗരന്മാരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോകാന്‍ ഹമാസ് ശ്രമം നടത്തി. എന്നാല്‍, അവരില്‍ പലരെയും കമാന്‍ഡോ ഓപ്പറേഷനിലൂടെ ഇസ്രയേല്‍ സൈന്യം മോചിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ദൃശ്യങ്ങളും ഇസ്രയേല്‍ പുറത്തുവിട്ടിരുന്നു.
വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനുള്ളില്‍ നാട് വിടാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മേഖലയില്‍ തന്നെ തുടരണമെന്നാണ് ഹമാസ് ആവശ്യപ്പെട്ടത്.
അതിനിടെ, ലക്ഷക്കണക്കിന് പേരെ 24 മണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കാനുള്ള ഇസ്രയേല്‍ തീരുമാനത്തെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭ രംഗത്തെത്തി.