ന്യൂഡൽഹി: 2024ൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ബിജെപിയ്ക്കും കോൺഗ്രസിനു ഏറെ നിർണായകമാണ്.ഭരണ തുടർച്ചയ്ക്കായി പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ശ്രമിക്കുമ്പോൾ അധികാരം തിരികെ പിടിക്കാനുള്ള കഠിന പോരാട്ടത്തിലാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഉൾപ്പെടെ ലക്ഷ്യം ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയമാണ്.
എന്നാൽ ഓരോ തവണയും പ്രതിസന്ധികളെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാർട്ടിയിൽ നിന്നും വിട്ട് പോകുന്നത് കോൺഗ്രസിന് തിരിച്ചടിയാകുകയാണ്. ഇത്തരത്തിൽ പാർട്ടി അംഗത്വം രാജിവച്ച് പുറത്തുപോയവരിൽ ഒടുവിലത്തെ നേതാവാണ് മുൻ കേന്ദ്ര മന്ത്രി കൂടിയായ മിലിന്ദ് ദേവ്റ.കോൺഗ്രസുമായുള്ള തന്റെ 55 വർഷത്തെ ബന്ധത്തിന് വിരാമമിട്ടതായി അറിയിച്ച് പാർട്ടി വിട്ടതോടെ കനത്ത തിരിച്ചടിയാണ് കോൺഗ്രസിന് ഉണ്ടായിരിക്കുന്നത്. അത്തരത്തിൽ 2019 മുതൽ കോൺഗ്രസ് വിട്ട്പോയത് 11 പേരാണ്....!
മിലിന്ദ് ദിയോറ
ഗുജറാത്ത് പാട്ടിദാർ നേതാവ് ഹാർദിക് പട്ടേൽ 2022 മെയ് മാസത്തിലാണ് കോൺഗ്രസിൽ നിന്നും രാജിവച്ചത്.കോൺഗ്രസ് ഗുജറാത്ത് ഘടകം വർക്കിങ് പ്രസിഡന്റായിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വവുമായി ഹാർദിക് ഇടയുകയായിരുന്നു.കോൺഗ്രസ് വർക്കിങ് പ്രസിഡന്റായി തുടരുമ്പോഴും പാർട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ല എന്നതായിരുന്നു ഹാർദിക്ക് പട്ടേൽ പാർട്ടിക്ക് എതിരായി ഉയർത്തിയ വിമർശനം.
പട്ടേൽ സമുദായത്തിലെ തന്നെ മറ്റൊരു പ്രധാന നേതാവായ നരേഷ് പട്ടേലിനെ കോൺഗ്രസിലേക്ക് കൊണ്ടുവരുന്നതിന് പ്രശാന്ത് കിഷോർ ചില നീക്കങ്ങൾ നടത്തിയതും ഹാർദിക്കിനെ പ്രകോപിപ്പിച്ചിരുന്നു.ഇതോടെയാണ് രാജിവച്ചത്.തുടർന്ന് ജൂൺ രണ്ടിന് ഹാർദിക് ബിജെപി അംഗത്വം സ്വീകരിച്ചു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയായിരുന്നു ഹാർദിക് ബിജെപിയിലേയ്ക്ക് ചുവടുമാറ്റിയത്.
അശ്വനി കുമാർ
2022 ഫെബ്രുവരിയിൽ പഞ്ചാബ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് മുൻ കേന്ദ്രമന്ത്രിയായിരുന്ന അശ്വനി കുമാർകോൺഗ്രസിൽ നിന്ന് രാജിവച്ചത്.പാർട്ടിയുമായുള്ള 46 വർഷത്തെ ബന്ധമാണ് അശ്വനി കുമാർ അവസാനിപ്പിച്ചത്. 2019 ലെ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് പാർട്ടി വിട്ട ആദ്യത്തെ മുതിർന്ന യുപിഎ കാബിനറ്റ് മന്ത്രിയാണ് അശ്വനി കുമാർ.കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ് പാർട്ടി ക്ഷയിക്കാൻ കാരണം.
വോട്ട് ശതമാനത്തിൽ പാർട്ടി നേരിടുന്നത് തുടർച്ചയായ ഇടിവാണ്. രാഷ്ട്രം ചിന്തിക്കുന്ന രീതിയുമായി പാർട്ടിക്ക് സമന്വയമില്ലെന്നാണ് ഇത് വ്യക്തമാകുന്നത്. ഭാവി നേതൃത്വത്തിനെ കുറിച്ച് കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്ന ബദൽ ജനങ്ങൾക്ക് അനുകൂലമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
2009 മുതൽ 2014 വരെ മൻമോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ നിയമമന്ത്രിയായിരുന്നു അശ്വനി കുമാർ. ഉത്തർപ്രദേശിലെ മറ്റൊരു മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ആർപിഎൻ സിംഗ് പാർട്ടിക്ക് നഷ്ടപ്പെട്ട് ആഴ്ചകൾക്ക് ശേഷമാണ് കോൺഗ്രസിൽ നിന്നുള്ള ഏറ്റവും പുതിയ രാജി.
സുനിൽ ജാഖർ
പഞ്ചാബ് പി.സി.സി അംഗവും മുൻ എം.പിയുമായ സുനിൽ ജാഖർ 2022-ൽ അന്നത്തെ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ വിമർശിച്ചതിന്റെ അച്ചടക്ക നടപടിയെ തുടർന്നാണ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. മെയ് മാസത്തിൽ ബിജെപിയിൽ ചേർന്ന അദ്ദേഹം ആ വർഷം ജൂലൈയിൽ പഞ്ചാബിന്റെ ചുമതലയേറ്റു.
ഇന്ദിരാഗാന്ധിയുടെ വിശ്വസ‌്തനും മുൻ ലോക്‌സഭാ സ്പീക്കറും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ബൽറാം ജാഖറിന്റെ ഇളയമകനാണ് സുനിൽ. കോൺഗ്രസുമായുള്ള 50 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നതിൽ വിഷമമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.
ആർപിഎൻ സിംഗ്
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ താരപ്രചാരകനെന്നറിയപ്പെട്ടിരുന്ന ആർ.പി.എൻ സിംഗ്, ഉത്തർപ്രദേശിൽ ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ വിജയിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുമ്പോഴാണ് പാർട്ടി വിട്ടത്.
2022 ജനുവരിയിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു. രാഷ്ട്രത്തെയും ജനങ്ങളെയും പാർട്ടിയെയും സേവിക്കാൻ അവസരം നൽകിയതിന് നന്ദി അറിയിച്ചുകൊണ്ട് സിംഗ് ജനുവരിയിൽ സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ചു.
ജ്യോതിരാദിത്യ സിന്ധ്യ
നിലവിൽ കേന്ദ്രമന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ 2020-ലാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. കമൽനാഥ് സർക്കാരിനെ താഴെയിറക്കുകയും ശിവരാജ് സിംഗ് ചൗഹാനെ മധ്യപ്രദേശിൽ അമരത്ത് എത്തിക്കാൻ സഹായിക്കുകയും ചെയ്‌ത കൂറുമാറ്റമായിരുന്നു ഇത്.
ജിതിൻ പ്രസാദ
ഒരു കാലത്ത് രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ 2021-ൽ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പാണ് ബിജെപിയിലേക്ക് ചേക്കേറിയത്. യുപിയിൽ കോൺഗ്രസിന്റെ വിജയ മുഖമായിരുന്നു അദ്ദേഹം.
"ബിജെപി മാത്രമാണ് യഥാർത്ഥ രാഷ്ട്രീയ പാർട്ടി. ഇത് ഒരേയൊരു ദേശീയ പാർട്ടിയാണ്. ബാക്കിയുള്ളവ പ്രാദേശിക പാർട്ടികളാണ്," തന്റെ തീരുമാനത്തെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു.ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണെന്നും നിലവിലെ സാഹചര്യത്തിൽ കൃത്യമായ പദ്ധതികളും നേതൃത്വവുമുള്ളത് ബിജെപിക്കാണെന്നുമായിരുന്നു ജിതേന്ദ്ര പ്രസാദയുടെ പ്രതികരണം.
അൽപേഷ് താക്കൂർ
മുൻ കോൺഗ്രസ് എംഎൽഎ ആയിരുന്ന അൽപേഷ് താക്കൂർ 2019 ജൂലൈയിലാണ് രാജിവച്ചത്. ദിവസങ്ങൾക്ക് ശേഷം ബിജെപിയിൽ ചേർന്ന അദ്ദേഹം രാധാപൂരിൽ നിന്ന് ഉപതിരഞ്ഞെടുപ്പിന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ ഗാന്ധിനഗർ സൗത്തിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്.
അനിൽ ആന്റണി
കോൺഗ്രസ് മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി കഴിഞ്ഞ വർഷം ജനുവരിയിലാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. ഇന്ത്യയെ ഒരു മുൻനിര സ്ഥാനത്ത് എത്തിക്കുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ടാണ് ബിജെപിയിൽ അംഗത്വം നേടിയത്. എകെ ആന്റണി മകന്റെ തീരുമാനത്തിൽ വേദനയും നിരാശയും പ്രകടിപ്പിച്ചിരുന്നു.