ജറുസലം: വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ഥി ക്യാംപില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചട്ടങ്ങള്‍ ലംഘിച്ച് ഇസ്രയേല്‍ സൈന്യമാണ് അഭയാര്‍ഥി ക്യാംപിനു നേരെ ആക്രമണം നടത്തിയതെന്ന് ഹമാസ് ആരോപിച്ചു. എന്നാല്‍, ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.
ജബലിയ മേഖലയിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇരുപതിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നെന്നും ഗാസയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.
ജബലിയ അഭയാര്‍ഥി ക്യാംപ്, ഗാസയിലെ എട്ട് അഭയാര്‍ഥി ക്യാംപുകളില്‍ ഏറ്റവും വലുതാണ്. 2023 ജൂലൈയിലെ യുഎന്‍ കണക്കുപ്രകാരം 1,16,000 പലസ്തീനിയന്‍ അഭയാര്‍ഥികളാണ് അവിടെ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.