തിരുവനന്തപുരം: അഖില്‍ സജീവ് ഉള്‍പ്പെട്ട സ്‌പൈസസ് ബോര്‍ഡ് നിയമന തട്ടിപ്പിൽ യുവ മോര്‍ച്ച നേതാവിനും പങ്കെന്ന് പൊലീസ്. പത്തനംതിട്ട യുവമോര്‍ച്ച നേതാവ് ശ്രീരൂപ്(രാജേഷ്)നാണ് തട്ടിപ്പിൽ പങ്കുള്ളത്. നിയമനത്തിന് പണം നല്‍കിയത് രാജേഷിനാണെന്ന് അഖില്‍ സജീവിന്റെ പൊലീസിന് മൊഴി നൽകി.
ഇയാളുടെ അക്കൗണ്ടിലേക്കാണ് നിയമനത്തിന് പണം കൈമാറിയത്. പത്തനംതിട്ട എസ്പി വി അജിത്തും കന്റോണ്‍മെന്റ് പൊലീസും നടത്തിയ ചോദ്യം ചെയ്യലിലാണ് അഖില്‍ സജീവിന്റെ നിര്‍ണായക മൊഴി പുറത്തുവന്നത്. മാത്രമല്ല അഖില്‍ സജീവുമായി രാജേഷിന് ബിസിനസ് ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി.
രാജേഷിന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റടക്കം പൊലീസ് ശേഖരിച്ചു. രാജേഷ് എന്ന ശ്രീരൂപിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ഇയാളെ കണ്ടെത്താന്‍ കഴിയുമെന്ന് പൊലീസ് വ്യക്തമാക്കി.
അതെസമയം വിവാദ നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ ശനിയാഴ്ച പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ നടത്തിയ ഫണ്ട് തട്ടിപ്പ് കേസിലാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ നിയമനക്കോഴയുടെ മുഖ്യ ആസൂത്രകർ റഹീസ് ഉൾപ്പെടുന്ന കോഴിക്കോട് സംഘമാണെന്ന് അഖിൽ സജീവ് മൊഴി നൽകി.
ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് എന്ന രീതിയിൽ ആൾമാറാട്ടം നടത്തി പണം തട്ടിയത് ഈ സംഘമാണെന്നും അഖിൽ സജീവിന്റെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരനായ ഹരിദാസനെ അറിയില്ലെന്നും അഖിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഈ മൊഴികൾ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.