വയനാട്: പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കേസിൽ പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷിക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നതായി സതീശൻ ആരോപിച്ചു.കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്.ക്രിമിനൽ സംഘങ്ങളെ അഴിഞ്ഞാടാൻ വിടുന്നത് മുഖ്യമന്ത്രിയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
ഡീൻ വിഷയത്തിൽ പ്രതിയാകേണ്ടയാൾ, കോളജിലെ ഇടത് സംഘടന അധ്യാപകരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ക്രിമിനലുകൾക്ക് അഴിഞ്ഞാട്ടത്തിന് ഗവൺമെൻ്റും സിപിഐഎമ്മും പിന്തുണയ്ക്കുന്നു.ക്രിമിനലുകളെ ഒതുക്കിയില്ലെങ്കിൽ യുഡിഎഫും കോൺഗ്രസും ഞങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന വിദ്യാർത്ഥി സംഘടനകളും സമരത്തിലേക്ക് പോകുമെന്നും സതീഷൻ വ്യക്തമാക്കി.
അതെസമയം മരിച്ച സിദ്ധാർത്ഥിന്റെ കുറക്കോടിലെ വീട്ടിലെത്തിയ എസ്എഫ്ഐ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, കേന്ദ്രകമ്മിറ്റി അംഗം ഹസൻ മുബാറക്, ജില്ലാ പ്രസിഡന്റ് എം എ നന്ദൻ, ജില്ലാ സെക്രട്ടറി എസ് കെ ആദർശ് തുടങ്ങിയവരാണ് സിദ്ധാർഥിന്റെ മാതാപിതാക്കളെ കാണാൻ എത്തിയത്.സിദ്ധാർത്ഥ് ആത്മഹത്യ ചെയ്തതല്ലെന്നും, മകനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും പിതാവ് ടി. ജയപ്രകാശ് ആരോപിച്ചിരുന്നു .
ഇതിനിടെയാണ് എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിലെത്തിയത്. പ്രഹസനമാണ് എസ് എഫ് ഐ നേതാക്കൾ കാണിക്കുന്നതെന്നാണ് വിമർശനം. മകനെ നഷ്ടപ്പെടുത്തിയിട്ടും ആ മാതാപിതാക്കളെ സമാധാനിപ്പിക്കാനെന്ന പേരിൽ കാട്ടുക്കൂട്ടുന്ന ഈ പ്രഹസനങ്ങൾ സത്യം മറച്ചു വയ്‌ക്കാനാണെന്നും വിമർശകർ പറയുന്നു.