ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള മുഖ്യവിഗ്രഹം കർണാടകയിൽ നിന്ന്. മൈസൂരിലെ അരുൺ യോഗിരാജ് നിർമിച്ച 'രാംലല്ല വിഗ്രഹം' തിരഞ്ഞെടുത്തതായി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. അരുൺ യോഗിരാജ് കൊത്തിയെടുത്ത രാമ വിഗ്രഹം അയോധ്യയിലെ രാമ ക്ഷേത്രത്തിൽ മുഖ്യവിഗ്രഹമായാണ് പ്രതിഷ്ഠിക്കുന്നത്. ജനുവരി 22 നാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക.
ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്രം ശ്രീരാമ വിഗ്രഹം കൊത്തിയെടുക്കാനായി തിരഞ്ഞെടുത്ത മൂന്ന് പ്രശസ്തരായ ശിൽപികളിൽ ഒരാളാണ് അരുൺ യോഗിരാജ്. മൂന്ന് വിഗ്രഹങ്ങളിൽ നിന്നാണ് അരുണിന്‍റെ 'രാംലല്ല വിഗ്രഹം' തിരഞ്ഞെടുത്തത്.കേദാർനാഥിലെ ആദിശങ്കരാചാര്യരുടെയും ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെയും പ്രതിമകൾ നിർമിച്ചതും ഇതേ അരുൺ യോഗിരാജാണെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
കല്ലിൽ നിർമിച്ച ഈ വിഗ്രഹത്തിന് ഏകദേശം 150-200 കിലോഗ്രാം വരെ ഭാരമുണ്ട്. കഴിഞ്ഞ 70 വർഷമായി ആരാധിക്കുന്ന രാംലല്ലയുടെ ഇപ്പോഴത്തെ വിഗ്രഹവും പുതിയ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സൂക്ഷിക്കുമെന്ന് റായ് പറഞ്ഞു.ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കും.
അതെസമയം രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിനുള്ള ഔപചാരിക നടപടിക്രമങ്ങൾ ചൊവ്വാഴ്ചയോടെ ആരംഭിക്കും.ഏഴ് ദിവസത്തെ പരിപാടികളാണ് ഇതിന്റെ ഭാഗമായി നടത്താൻ തീരുമാനിച്ചിട്ടുള്ളത്. മഹത്തായ ചടങ്ങിലേക്ക് ഏഴായിരത്തിലധികം ആളുകളെ ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്. 150 രാജ്യങ്ങളിൽ നിന്നുള്ള ഭക്തർ സമാപന ദിവസം നടക്കുന്ന മെത്രാഭിഷേക ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.