തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായകമായ പല കണ്ടെത്തലും നടത്തിയത് ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ). സ്വര്‍ണക്കടത്തുകാരുമായി വയലിനിസ്റ്റ് ബാലഭാസ്‌കറിന് ബന്ധമില്ലെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു.
ബാലുവിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളും ഡിആര്‍ഐയ്ക്ക് ലഭിച്ചിരുന്നു. ബാലഭാസ്‌കറിന്റെ മാനേജരായിരുന്ന പ്രകാശന്‍ തമ്പിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഫോണില്‍ നിന്നാണ് ഈ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സി-ഡാക്കിലാണ് ഫോണ്‍ രേഖകള്‍ പരിശോധിച്ചത്. ബാലഭാസ്‌കറിന്റെ ഒപ്പമുണ്ടായിരുന്നവര്‍ക്ക് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി സജീവ ബന്ധമുണ്ടായിരുന്നതിന്റെ തെളിവും ലഭിച്ചു.
ഫോണ്‍ രേഖകളും കണ്ടെത്തലുകളുടെ വിശദാംശവും സിബിഐക്ക് ഡിആര്‍ഐ കൈമാറി. ചില ഫോണ്‍ സംഭാഷണങ്ങളിലെ ദുരൂഹതയും ചൂണ്ടിക്കാട്ടി. എന്നാല്‍, പല മേഖലകളിലും സിബിഐ അന്വേഷണം നടത്തിയില്ലെന്നാണ് ഹൈക്കോടതിയുടെ പുനരന്വേഷണ ഉത്തരവില്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക വശത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തിയില്ലെന്ന് കുടുംബവും ആരോപിച്ചിരുന്നു.
വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസാണ് ഡിആര്‍ഐ അന്വേഷിച്ചത്. ബാലഭാസ്‌കറിന്റെ കാര്‍ പള്ളിപ്പുറത്ത് അപകടത്തില്‍പ്പെട്ട 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ സ്ഥലത്ത് ഉണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്ത് സംഘത്തിലുള്ളവരാണോ എന്ന് സംശയിക്കുന്നതായി അതുവഴി വാഹനത്തില്‍പോയ കലാഭവന്‍ സോബി ഡിആര്‍ഐയെ അറിയിച്ചിരുന്നു.
സോബിയുടെ മൊഴിയെടുത്ത ഡിആര്‍ഐ, സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ട ചിലരുടെ ഫോട്ടോ തിരിച്ചറിയാനായി കാണിച്ചു. റൂബെന്‍ തോമസെന്ന കടത്തുകാരന്റെ ഫോട്ടോ സോബി തിരിച്ചറിഞ്ഞു. ഡിആര്‍ഐ നോട്ടിസ് നല്‍കിയെങ്കിലും ഇയാള്‍ ഹാജരായില്ല. ഇയാളുടെ ടവര്‍ ലൊക്കേഷന്‍ അപകടം നടന്ന സ്ഥലത്തായിരുന്നില്ല എന്ന കാരണത്താല്‍ സിബിഐ കൂടുതല്‍ അന്വേഷണം നടത്തിയില്ല.
ഡിആര്‍ഐയുടെ കേസുമായി ബന്ധമില്ലാത്തതിനാല്‍ അവര്‍ക്കും അന്വേഷിക്കാനായില്ല.പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഡിആര്‍ഐയുടെ കണ്ടെത്തലുകള്‍ സിബിഐയ്ക്ക് പരിഗണിക്കേണ്ടിവരും. അന്വേഷിക്കാതെ വിട്ടുപോയ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് അന്വഷണം നടത്തേണ്ടതായും വരും.