ഡല്‍ഹി: ലോക്‌സഭയിലെ സുരക്ഷാ വീഴ്ച വിശദമായി അന്വേഷിക്കുമെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല. ലോക്‌സഭയില്‍ നടന്ന കളര്‍ സ്‌പ്രേ ആക്രമണത്തില്‍ സ്പീക്കര്‍ പാര്‍ലമെന്റ് സെക്യൂരിറ്റി ഡയറക്ടറോട് വിശദീകരണം തേടി.
ഇന്ന് ഉച്ചയോടെയാണ് രണ്ട് പേര്‍ പാര്‍ലമെന്റിനുള്ളില്‍ കളര്‍സ്‌പ്രേയുമായി പ്രതിഷേധിച്ചത്. സന്ദര്‍ശക ഗാലറിയില്‍ നിന്നും ഇവര്‍ സഭാംഗങ്ങള്‍ ഇരിക്കുന്ന ചേംബറിലേക്ക് ചാടുകയായിരുന്നു.
ശൂന്യവേളക്കിടെ ആയിരുന്നു സംഭവം. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കിയായിരുന്നു ഇവര്‍ പ്രതിഷേധിച്ചത്. പിന്നീട് എംപിമാരും സെക്യൂരിറ്റിമാരും ചേര്‍ന്ന് ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു.
അതേസമയം പാര്‍ലമെന്റിന് പുറത്തും കളര്‍സ്‌പ്രേയുമായി രണ്ട് പേര്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഷൂസിനുള്ളിലാണ് ഇവര്‍ കളര്‍ സ്‌പ്രേ ഒളിപ്പിച്ചു വെച്ചിരുന്നത്.