പ്രതീകാത്മക ചിത്രം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ തകർന്ന വിമാനം ഇന്ധനം നിറയ്ക്കുന്നതിനായി ബിഹാറിലെ ഗയ വിമാനത്താവളത്തിൽ ഇറങ്ങിയിരുന്നതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.അതെസമയം ഇന്ത്യൻ വിമാനമല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
അഫ്ഗാനിലെ ടോപ്ഖാന മലനിരകളിലാണ് മൊറോക്കോയിൽ റജിസ്റ്റർ ചെയ്ത ഡിഎഫ്10 എന്ന ചെറുവിമാനം തകർന്ന് വീണത്. തായ്‌ലൻഡിൽനിന്നും റഷ്യയിലെ മോസ്കോയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ദിശ തെറ്റി സഞ്ചരിച്ച വിമാനം മലനിരകളിൽ ഇടിച്ചു തകർന്നതെന്നാണ് സൂചന.
ഇന്ത്യൻ യാത്രാവിമാനമാണ് തകർന്നു വീണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. തൊട്ടുപിന്നാലെ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) വ്യോമയാന മന്ത്രാലയവും ഇതു തള്ളി രംഗത്തുവന്നിരുന്നു. എന്നാൽ ഇന്ധനം നിറച്ചശേഷം ഇന്ത്യയിൽനിന്നു പുറപ്പെട്ട വിമാനമാണ് തകർന്നതെന്ന് ഇപ്പോൾ സ്ഥിരീകരിക്കുകയാണ്. വിമാനത്തിൽ ഇന്ത്യൻ യാത്രക്കാരില്ലെന്നാണ് വിവരം.
വിമാനം തകർന്നു വീണതായി അഫ്ഗാൻ അറിയിച്ചതിനു പിന്നാലെ, ഇന്ത്യയിൽനിന്നു പുറപ്പെട്ട ചാർട്ടേഡ് വിമാനം കാണാനില്ലെന്ന് വ്യക്തമാക്കി റഷ്യ രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് ഉസ്ബെക്കിസ്ഥാൻ വഴി മോസ്കോയിലേക്ക് ആറു പേരുമായി പോയ ചാർട്ടേഡ് ആംബുലൻസുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നാണ് റഷ്യൻ വ്യോമയാന അധികൃതർ അറിയിച്ചത്. തകർന്നത് ഈ വിമാനം തന്നെയാണെന്നാണ് നിഗമനം.