കൊച്ചി: സി.പി.എം നേതാവ് പി. ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ രണ്ടാം പ്രതി മാത്രമാണ് കുറ്റക്കാരനെന്ന് ഹൈകോടതി. കേസിൽ രണ്ടാം പ്രതി ചിരിക്കണ്ടോത്ത് പ്രശാന്തിനെ ഒഴികെ മറ്റു അഞ്ചുപേരെയും കോടതി വെറുതെവിട്ടു. മൂന്നുപേരെ വെറുതെവിട്ട വിചാരണ കോടതി നടപടിയും കോടതി ശരിവെച്ചു.
പ്രതികൾക്കെതിരെ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കോടതി വിധി. ജനുവരി 11ന് ജസ്റ്റിസ് സോമരാജൻ പ്രസ്താവിച്ച വിധിയുടെ പകർപ്പ് ഇപ്പോഴാണ് പുറത്തുവന്നത്.നേരത്തെ, ആർ.എസ്.എസ് ജില്ല കാര്യവാഹക് കണിച്ചേരി അജി ഉൾപ്പെടെ ആറുപേരെ വിചാരണ കോടതി 10 വർഷം തടവിനു ശിക്ഷിച്ചിരുന്നു.
മൂന്നുപേരെ വെറുതെ വിടുകയും ചെയ്തു. പ്രശാന്തിനെതിരെ വിചാരണകോടതി ചുമത്തിയ ചില കുറ്റങ്ങളിൽനിന്ന് ഒഴിവാക്കി. 1999 ആഗസ്റ്റ് 25ന് ജയരാജനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.