ലഡാക്ക് അതിർത്തി തർക്കം; ഇന്ത്യാ-ചൈന 20-ാം റൗണ്ട് സൈനികതല ചർച്ചയും പരാജയം

ഇന്ത്യയെ പ്രതിനിധീകരിച്ച് ലേയിലെ 14-ാം കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ റാഷിം ബാലിയും ചൈനയെ പ്രതിനിധീകരിച്ച് ദക്ഷിണ സിന്‍ജിയാങ് മിലിട്ടറി കമാന്‍ഡറുമാണ് ചര്‍ച്ചകള്‍ നടത്തിയത്.

author-image
Greeshma Rakesh
New Update
ലഡാക്ക് അതിർത്തി തർക്കം; ഇന്ത്യാ-ചൈന 20-ാം റൗണ്ട് സൈനികതല ചർച്ചയും പരാജയം

 

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിതര്‍ക്കം പരിഹരിക്കാനുള്ള സൈനിക തല ചർച്ചകളുടെ ഇരുപതാം റൗണ്ടും ഫലംകണ്ടില്ല.

ചൊവ്വാഴ്ച നടന്ന കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചയിലും കാര്യമായ തീരുമാനങ്ങളുണ്ടാക്കാനായില്ലെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി.ഇതോടെ മൂന്ന് വര്‍ഷത്തോളമായി തുടരുന്ന ചർച്ചയാണ് യാതൊരു പുരോഗതിയുമില്ലാതെ അവസാനിച്ചത്.

ഒക്‌ടോബർ 9-10 തീയതികളിലായാണ്‌ അതിർത്തിയിലെ ചുഷുൽ മോൾഡോ മീറ്റിംഗ് പോയിന്റിൽ ഇരുരാജ്യത്തിന്റെയും സൈനിക ഉന്നതര്‍ തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടാകാഞ്ഞതിനേത്തുടര്‍ന്ന് ശീതകാലത്തും ഇരുസൈന്യവും നേര്‍ക്കുനേര്‍ 'സ്റ്റാന്‍ഡ് ഓഫ്' തുടരുമെന്നാണ് വിവരം.

ഇന്ത്യയെ പ്രതിനിധീകരിച്ച് ലേയിലെ 14-ാം കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ റാഷിം ബാലിയും ചൈനയെ പ്രതിനിധീകരിച്ച് ദക്ഷിണ സിന്‍ജിയാങ് മിലിട്ടറി കമാന്‍ഡറുമാണ് ചര്‍ച്ചകള്‍ നടത്തിയത്.

പ്രശ്‌നപരിഹാരത്തിനായി ഇനിയും ചര്‍ച്ചകള്‍ തുടരാനും ശൈത്യകാലത്തും മേഖലയില്‍ ഇരുപക്ഷത്തെയും സൈനിക സാന്നിദ്ധ്യം തുടരുമെങ്കിലും സംഘര്‍ഷം ഒഴിവാക്കി സമാധാനം നിലനിര്‍ത്താനും തീരുമാനിച്ചാണ് ചര്‍ച്ച അവസാനിപ്പിച്ചതെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

തന്ത്രപ്രധാന മേഖലകളായ ഡെപ്‌സാങ്ങിന്റെയും ഡെംചോക്കിന്റെയും കാര്യത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇവിടെയുള്ള ചൈനീസ് സൈനികരുടെ സാന്നിദ്ധ്യമാണ് പ്രശ്‌നത്തിനുള്ള പ്രധാന കാരണം. ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളിലേക്ക് കടന്നുകയറിയാണ് ചൈനീസ് സൈനികര്‍ പട്രോളിങ് നടത്തുന്നത്.

ഇതു പലതവണ ഇരുസൈന്യവും തമ്മിലുള്ള സംഘര്‍ഷത്തിലേയ്ക്ക് നയിച്ചിരുന്നു. ഇവിടെ ചൈനീസ് സൈന്യം നടത്തുന്ന പട്രോളിങ് അവസാനിപ്പിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലും ഇക്കാര്യത്തില്‍ തീരുമാനമായില്ല.

2020 മേയില്‍ ഗല്‍വാനില്‍ നടന്ന സംഘര്‍ഷത്തിനു ശേഷമാണ് മേഖലയില്‍ ഇന്ത്യാ-ചൈന സൈന്യം മുഖാമുഖം നിൽക്കാൻ ആരംഭിച്ചത്. ഗല്‍വാനില്ലേയ്ക്ക് ചൈനീസ് കടന്നുകയറ്റം പ്രതിരോധിക്കുന്നതിനിടെ 24 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു.

ഇതോടെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി പല വട്ടം ഇരു രാജ്യങ്ങളുടെയും പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരും നേരിട്ടും അല്ലാതെയും നിരവധി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. എന്നാൽ ഓരോ ചർച്ചയും നിർണ്ണായക തീരുമാനങ്ങൾ എടുക്കാനാകാതെ അവസാനിക്കുകയായിരുന്നു.

china india ladakh 20th round of military talks india china boarder