മറാഠാ സംവരണം; പ്രക്ഷോഭകരുടെ ആവശ്യം അം​ഗീകരിച്ച് മഹാരാഷ്ട്ര സർക്കാർ, സമരം അവസാനിപ്പിച്ചു

മറാഠാക്കാരെ ഒബിസി ഉപ വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന വ്യവസ്ഥകളാണ് ഓർഡിനൻസിൽ ഉള്ളതെന്നാണ് സൂചന.

author-image
Greeshma Rakesh
New Update
മറാഠാ സംവരണം; പ്രക്ഷോഭകരുടെ ആവശ്യം അം​ഗീകരിച്ച് മഹാരാഷ്ട്ര സർക്കാർ, സമരം അവസാനിപ്പിച്ചു

 

മുംബൈ: മറാഠാ സമരം അവസാനിപ്പിച്ച് പ്രക്ഷോഭകർ.സംവരണ ഓർഡിനൻസിൻറെ കരട് മഹാരാഷ്ട്ര സർക്കാർ പുറത്തുവിട്ടതിനു പിന്നാലെയാണ് ഏറെനാളായി തുടരുന്ന സമരത്തിന് അന്ത്യമായത്. മറാഠാ നേതാവ് മനോജ് ജരാങ്കെ പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. നവി മുംബൈയിൽ പ്രക്ഷോഭകർ ആഹ്ലാദപ്രകടനം നടത്തി.

മറാഠാക്കാർക്ക് സംവരണത്തിനായി പുതിയ നിയമം കൊണ്ടുവരികയാണ് സർക്കാർ. ഇതിന്റെ കരട് കഴിഞ്ഞ ദിവസം മനോജ് ജരാങ്കെ പാട്ടീലിനുൾപ്പെടെ നൽകിയിരുന്നു. സംവരണം വേണമെന്നത് മറാഠാ സമുദായത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ്.

ഇതിന് മുൻപും. സംവരണം നൽകുന്നതിന് സർക്കാരുകൾ നടപടി സ്വീകരിച്ചെങ്കിലും അതൊന്നും ഫലംകണ്ടിരുന്നില്ല.ബിജെപിയുടെ നിയന്ത്രണത്തിലുള്ള ഏക്നാഥ് ഷിൻഡെ സർക്കാരിനെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നത് മറാഠകളുടെ സംവരണ ആവശ്യമായിരുന്നു.

മറാഠാക്കാരെ ഒബിസി ഉപ വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന വ്യവസ്ഥകളാണ് ഓർഡിനൻസിൽ ഉള്ളതെന്നാണ് സൂചന. 16 ശതമാനം മറാഠാ സംവരണം റദ്ദാക്കിയ സുപ്രീം കോടതി വിധി മറികടക്കുകയാണ് ലക്ഷ്യം.

സംവരണത്തിനായി രേഖാമൂലമുളള സർക്കാർ ഉത്തരവ് ശനിയാഴ്ച ഉച്ചയോടെ ലഭിച്ചില്ലെങ്കിൽ വിലക്ക് ലംഘിച്ച് പ്രക്ഷോഭകർ മുംബൈയിലേക്ക് കടക്കുമെന്നായിരുന്നു മുന്നറിയിപ്പ്. നഗരത്തിലേക്കുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന് ആയിരക്കണക്കിന് പ്രക്ഷോഭകർ നവി മുംബൈയിലെ വാഷിയിൽ തുടരുകയായിരുന്നു.

അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മുംബൈ നഗരം സ്തംഭിപ്പിച്ച് സമരം കടുപ്പിക്കാനായിരുന്നു പ്രക്ഷോഭകരുടെ നീക്കം. മറാഠാ വിഭാഗത്തിലെ 54 ലക്ഷം പേർക്ക് ഒബിസി സർട്ടിഫിക്കറ്റ് നൽകി ഇവരെ സംവരണത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്.

കൃഷിക്കാരും മണ്ണിന്റെ മക്കളെന്നുമാണ് മറാഠകൾ വിശേഷിപ്പിക്കപ്പെടുന്നത്. കൃഷി ഉപജീവനമായതിനാൽ ഇവർക്ക് ധാരാളം കൃഷിഭൂമിയുണ്ട്. മറാഠി ഭാഷ സംസാരിക്കുന്നവരാണ് ഏറെയും. മഹാരാഷ്ട്രയുടെ മൂന്നിൽ ഒന്ന് ജനസംഖ്യയും മറാഠകളാണ്. 1960 മുതൽ 20 മുഖ്യമന്ത്രിമാരുണ്ടായതിൽ 12 പേരും മറാഠ സമുദായത്തിൽ നിന്നുള്ളവരാണ്. നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും മറാഠ സമുദായാംഗമാണ്.

കുറച്ചു കാലമായി കൃഷിത്തകർച്ചമൂലം സമുദായം വലിയ പ്രതിസന്ധി നേരിടുകയാണ്. അടുത്തിടെ സാമ്പത്തികമായി സമുദായം ഏറെ പിന്നാക്കാവസ്ഥയിലായതാണ് പ്രതിഷേധം ശക്തമാകാൻ കാരണം. സംവരണം നടപ്പായാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ജോലി തുടങ്ങിയവയിലെല്ലാം ഇവർക്ക് പ്രാതിനിധ്യം കൂടും.

maratha protest ordinance maharashtra government