പി.വി. അൻവറിന്റെ പാർക്കിന് ലൈസൻസ് നൽകി പഞ്ചായത്ത്; മിന്നൽ നടപടി കേസ് വ്യാഴാഴ്ച കോടതി പരിഗണിക്കാനിരിക്കേ

വെള്ളവും വൈദ്യുതിസംവിധാനങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഗാർഡനും റൈഡറും ഉൾപ്പെടുന്ന ‌കുട്ടികളുടെ പാര്‍ക്കിന് മാത്രമേ അനുമതി നൽകിയിട്ടുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു.

author-image
Greeshma Rakesh
New Update
 പി.വി. അൻവറിന്റെ പാർക്കിന് ലൈസൻസ് നൽകി പഞ്ചായത്ത്; മിന്നൽ നടപടി കേസ് വ്യാഴാഴ്ച കോടതി പരിഗണിക്കാനിരിക്കേ

തിരുവമ്പാടി: നിലമ്പൂർ എം.എൽ. എ. പി.വി. അൻവറിന്റെ ഉടമസ്ഥതയിലുള്ള പി.വി.ആർ. നാച്വറാ പാർക്കിന് ഒടുവിൽ ലൈസൻസ് നൽകി കൂടരഞ്ഞി പഞ്ചായത്ത്. ലൈസൻസ് കുടിശ്ശികയായിരുന്ന ഏഴുലക്ഷം രൂപ ഗ്രാമപ്പഞ്ചായത്തിൽ അടച്ചതിനെത്തുടർന്നാണ് ബുധനാഴ്ച പാർക്കിന് അനുമതി നൽകിയത്. വെള്ളവും വൈദ്യുതിസംവിധാനങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഗാർഡനും റൈഡറും ഉൾപ്പെടുന്ന ‌കുട്ടികളുടെ പാര്‍ക്കിന് മാത്രമേ അനുമതി നൽകിയിട്ടുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു.

2018-ല്‍ ജില്ലാ ഭരണകൂടം സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെ തുടര്‍ന്നാണ് പാര്‍ക്ക് അടച്ചത്. പിന്നീട് പാര്‍ക്ക് തുറന്ന് കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സിനായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ സമീപച്ചപ്പോള്‍ അഞ്ച് വർഷത്തെ നികുതി കുടിശ്ശിക അടയ്ക്കാന്‍ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. ഇത് അടച്ചതിനെ തുടര്‍ന്നാണ് ലൈസന്‍സിന് അപേക്ഷിച്ചത്. നവംബറിലാണ് അന്‍വര്‍ അപേക്ഷ നല്‍കിയത്.അതെസമയം പാര്‍ക്കില്‍ വാട്ടര്‍ ആക്ടീവിറ്റികളും യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും അനുമതിയില്ലെന്നും പഞ്ചായത്ത് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ആറു മാസമായി പഞ്ചായത്ത് ലൈസൻസില്ലാതെ പാർക്ക് പ്രവർത്തിച്ചിരുന്നത് വിവാദമായിട്ടുണ്ട്. ലൈസൻസില്ലാതെ പാർക്ക് പ്രവർത്തിച്ചതിനെതിരേ കഴിഞ്ഞദിവസം ഹെക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ലൈസൻസിന് നൽകിയ അനുബന്ധ രേഖകളിൽ പിഴവുള്ളതിനെത്തുടർന്നാണ് ലൈസൻസ് നൽകാതിരുന്നതെന്നാണ് പഞ്ചായത്ത് അധികൃതർ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.

പരിസ്ഥിതി ദുർബലപ്രദേശത്ത് സ്ഥിതിചെയ്യുന്ന പാർക്ക് പിഞ്ചുകുഞ്ഞുങ്ങളുടെ സുരക്ഷയാണ് മുൾമുനയിൽ നിർത്തുന്നതെന്നും ലൈസൻസില്ലാതിരുന്നിട്ടുകൂടി ഇത്രയും നാൾ പാർക്ക് പ്രവർത്തിച്ചത് പഞ്ചായത്തിന്റെ മൗനാനുമതിയോടെയാണെന്നും പരാതിക്കാരൻ പറഞ്ഞു.അഞ്ചുവർഷത്ത ഇടവേളയ്ക്കുശേഷം 2023 ഓഗസ്റ്റിലാണ് സർക്കാർ ഉത്തരവിനെത്തുടർന്ന് കുട്ടികളുടെ പാർക്ക് മാത്രം തുറക്കാൻ അനുമതി നൽകിയിരുന്നത്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. സ്റ്റീൽ ഫെൻസിങ്ങിനുള്ളിൽ ആയിരിക്കണം പ്രവർത്തനമെന്നും വാട്ടർ റൈഡുകൾ പണിത സ്ഥലവുമായി ഇതിന് ബന്ധമില്ലെന്ന് ഉടമ ഉറപ്പുവരുത്തണമെന്നും ശേഷിക്കുന്ന നിർമാണ പ്രവൃത്തികളിൽ അപകടസാധ്യതാപരിശോധന നടത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിരുന്നു.

2018-ൽ കനത്ത മഴയോടൊപ്പമുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ, പി.വി.ആർ. നാച്വറോ പാർക്ക് പൂട്ടിയത്.ഉരുൾപൊട്ടലിനെത്തുടർന്ന് അടച്ച പാർക്ക് പഠനം നടത്താതെ തുറക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ അനധികൃത നിർമിതികൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണസമിതി മുൻ ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹരജി ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

 

High Court mla pv anvar PVR Natural park licence