തിരുവനന്തപുരം: തിങ്കളാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ സുരക്ഷാ വീഴ്ചവരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പ്. ഇന്റലിജന്‍സിലെ ഒരു സിഐയ്ക്കും എസ്‌ഐയ്ക്കുമെതിരെയാണ് നടപടി വരിക.
ഗവര്‍ണറുടെ വാഹനം തടയുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വന്‍സുരക്ഷാ സന്നാഹമാണ് ഗവര്‍ണര്‍ക്കായി പൊലീസ് ഒരുക്കിയിട്ടുള്ളത്. തിങ്കളാഴ്ച വിമാനത്താവളത്തിലേക്കുള്ള യാത്രാമാര്‍ഗത്തിലും പൊലീസിനെ വിന്യസിച്ചിരുന്നു.
എന്നാല്‍ ഗവര്‍ണറുടെ യാത്രാ മാര്‍ഗം ഏതുവഴിയാണെന്നതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ വയര്‍ലസിലൂടെയല്ല കൈമാറിയിരുന്നത്. അങ്ങനെ ചെയ്താല്‍ വിവരം ചോരുമെന്നും സുരക്ഷാ വീഴ്ചയുണ്ടാകുമെന്നും മനസിലാക്കിയാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഫോണിലൂടെ പൊലീസുകാര്‍ക്ക് സന്ദേശം നല്‍കിയത്.
ഈ വിവരം ഇന്റലിജന്‍സിലെ ഒരു സിഐയും എസ്‌ഐയും പ്രതിഷേധക്കാര്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു. സംഭവം നടന്നയുടന്‍ തന്നെ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥര്‍ കണ്ടുപിടിക്കുകയും ചെയ്തു. ഇതില്‍ സിഐ പൊലീസ് സംഘടനാ ഭാരവാഹിയാണ്. എസ്‌ഐ ആകട്ടെ നഗരത്തിലെ ഒരു സ്റ്റേഷനില്‍ ചുമതലയുണ്ടായിരുന്ന ആളുമാണ്.
കഴിഞ്ഞ ദിവസം വഴുതക്കാടു വച്ച് ഗവര്‍ണര്‍ക്കു നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്റലിജന്‍സ് അധികൃതര്‍ വയര്‍ലസിലൂടെ ഗവര്‍ണറുടെ യാത്രാവിവരം കൈമാറുന്നത് നിര്‍ത്തിയത്.
മൂന്നു തവണയാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ വീണ്ടും കരിങ്കൊടി കാണിക്കുമെന്നും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാന ഇന്റലിജന്‍സ് മുന്നറിയിപ്പ് റിപ്പോര്‍ട്ട് നല്‍കിയത്. അതും 24 മണിക്കൂറിനിടെ. അധിക സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയെങ്കിലും പൊലീസ് ഉന്നതര്‍ അവഗണിച്ചു.
മാത്രമല്ല രഹസ്യമായി സൂക്ഷിക്കണമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശിച്ച ഗവര്‍ണറുടെ സഞ്ചാരപാത പൊലീസ് അസോസിയേഷന്‍ നേതാവ് എസ്എഫ്‌ഐക്കാര്‍ക്ക് ഇന്നലെ രാവിലെതന്നെ ചോര്‍ത്തി നല്‍കിയതായും ഇന്റലിജന്‍സ് കണ്ടെത്തി.
തിങ്കളാഴ്ച ഗവര്‍ണര്‍ക്ക് വിമാനത്താവളത്തിലേക്കു പോകുന്നതിന് സ്ഥിരം റൂട്ടല്ലാതെ മറ്റൊരു സമാന്തര റൂട്ട് കൂടി നിശ്ചയിക്കണമെന്നും നിര്‍ദേശിച്ചു. ഇതു രഹസ്യമായി സൂക്ഷിക്കണമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഞായറാഴ്ച വൈകിട്ട് വയര്‍ലെസ് സന്ദേശവും നല്‍കി.
പ്രതിഷേധം കനക്കുമെന്ന സൂചന നല്‍കി തിങ്കളാഴ്ച രാവിലെയായിരുന്നു രണ്ടാമത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് നല്‍കിയ മൂന്നാമത്തെ റിപ്പോര്‍ട്ടില്‍ പാളയത്ത് അണ്ടര്‍ പാസിന് സമീപത്തും പേട്ടയിലുമായി 3 സ്ഥലങ്ങളിലാണു പ്രതിഷേധ സാധ്യതയെന്നു കൃത്യമായി ചൂണ്ടിക്കാട്ടുകയും സുരക്ഷയ്ക്ക് അധിക പൊലീസിനെ നിയോഗിക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇതനുസരിച്ചുള്ള മുന്‍കരുതലോ അധിക സുരക്ഷാ നടപടികളോ പൊലീസ് സ്വീകരിച്ചില്ല.
സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന പൊലീസ് അസോസിയേഷന്‍ ഉന്നത നേതാവ് റൂട്ട് കൃത്യമായി എസ്എഫ്‌ഐ നേതൃത്വത്തിന് ചോര്‍ത്തിയെന്നു ഇന്നലെ രാവിലെ തന്നെ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തു കേസ് കത്തിനില്‍ക്കെ ജയിലിലായിരുന്ന സ്വപ്ന സുരേഷിനെക്കൊണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ശബ്ദരേഖ റിക്കോര്‍ഡ് ചെയ്യിപ്പിച്ചതും ഏറെക്കാലമായി സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചിലുള്ള ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.