പട്‌ന : പശ്ചിമ ബംഗാളിൽ ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെതിരെ (ടിഎംസി) രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്നത് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റേതിന് സമാനമായ സർക്കാരെന്നും ഗിരിരാജ് സിംഗ് വിമർശിച്ചു.ജനാധിപത്യം പ്രകടമായി ഇല്ലാത്ത സംസ്ഥാനമാണ് പശ്ചിമ ബംഗാളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പശ്ചിമ ബംഗാളിൽ ജനാധിപത്യം ഇല്ല. കിം ജോങ് ഉൻ സർക്കാരാണ് അവിടെയുള്ളത്. കൊലപാതകം നടന്നാലും അതൊരു പുതിയ കാര്യമല്ലെന്ന് അധീർ രഞ്ജൻ പറഞ്ഞു. ഇതാണ് മമതാ ബാനർജിയുടെ ജനാധിപത്യം," ഗിരിരാജ് സിംഗ് പറഞ്ഞു.
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് ഇഡി ഉദ്യോഗസ്ഥരും സിഎപിഎഫ് ജവാന്മാരും ആക്രമിക്കപ്പെട്ടത്.തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട് റെയ്ഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്താനെത്തിയപ്പോൾ ഇരുന്നൂറിലധികം ഗ്രാമവാസികൾ സംഘത്തെ വളയുകയും വാഹനങ്ങൾ തകർക്കുകയുമായിരുന്നു.
ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി
നിരവധിപേർ രംഗത്തുവന്നിരുന്നു.ബംഗാൾ ഒരു ബനാന റിപ്പബ്ലിക്കല്ല. അക്രമം തടയാനുള്ള ഉത്തരവാദിത്തം സർക്കാരിനാണ്. സംസ്ഥാന സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഗവർണർ സി.വി ആനന്ദ് ബോസ് പ്രതികരിച്ചിരുന്നു.
തൃണമൂല് കോണ്‍ഗ്രസ് നേതാക്കളായ ഇവരെല്ലാം അഴിമതി നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഇഡി പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആക്രണത്തിന് പിന്നില്‍ റോഹിങ്ക്യകളാണെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞു.