ആനയുടെയും മറ്റു വന്യമൃഗങ്ങളുടെയും വിവരങ്ങള്‍ അറിയിക്കാന്‍ പബ്ലിക് അഡ്രസ്സ് സിസ്റ്റം; വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാര്‍

അതിനായി ആനയുടെയും മറ്റു വന്യമൃഗങ്ങളുടെയും വിവരങ്ങള്‍ അറിയിക്കാന്‍ പബ്ലിക് അഡ്രസ്സ് സിസ്റ്റം കൊണ്ടുവരും. ഇതിന് പോലീസ്, വനം വകുപ്പ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. നിരീക്ഷണത്തിന് ആവശ്യമായ കൂടുതല്‍ ഉപകരണങ്ങള്‍ ഉടന്‍ സജ്ജമാക്കും.

author-image
Greeshma Rakesh
New Update
ആനയുടെയും മറ്റു വന്യമൃഗങ്ങളുടെയും വിവരങ്ങള്‍ അറിയിക്കാന്‍ പബ്ലിക് അഡ്രസ്സ് സിസ്റ്റം; വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.വയനാട്ടില്‍ ഉൾപ്പെടെ വന്യജീവി ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേര്‍ന്നു.

 

വന്യമൃഗങ്ങളിൽ നിന്നും ജനങ്ങൾക്ക് സംരക്ഷണം നല്‍കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അതിനായി ആനയുടെയും മറ്റു വന്യമൃഗങ്ങളുടെയും വിവരങ്ങള്‍ അറിയിക്കാന്‍ പബ്ലിക് അഡ്രസ്സ് സിസ്റ്റം കൊണ്ടുവരും. ഇതിന് പോലീസ്, വനം വകുപ്പ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. നിരീക്ഷണത്തിന് ആവശ്യമായ കൂടുതല്‍ ഉപകരണങ്ങള്‍ ഉടന്‍ സജ്ജമാക്കും.

അന്തര്‍സംസ്ഥാന വന്യജീവി പ്രശ്‌നങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി / പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തില്‍ ഒരു സമിതി രൂപീകരിക്കും.നിലവിലുള്ള അന്തര്‍സംസ്ഥാന ഔദ്യോഗികതല യോഗം ഉടന്‍ ചേരും.

വന്യജീവികളെ നേരിടുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും പരിശോധിക്കും. വയനാട്ടില്‍ റവന്യൂ, പോലീസ്, ഫോറസ്റ്റ് വകുപ്പുകള്‍ ചേര്‍ന്ന് കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ കൊണ്ടുവരും. രണ്ടു പുതിയ ആര്‍.ആര്‍.ടികള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.മാത്രമല്ല മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും.

അതെസമയം വന്യജീവി ആക്രമണത്തില്‍ അവശേഷിക്കുന്ന നഷ്ടപരിഹാരം കൊടുത്തുതീര്‍ക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ പ്രത്യേക ടീമിനെ നിയോഗിക്കും. 15 ന് രാവിലെ വയനാട്ടിലെ ജനപ്രതിനിധികളുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

 

യോഗത്തില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വേണു വി, വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ്, വനംവകുപ്പ് മേധാവി ഗംഗ സിംഗ്, നിയമവകുപ്പ് സെക്രട്ടറി കെ.ജി. സനല്‍കുമാര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി. പുകഴേന്തി തുടങ്ങിയവര്‍ പങ്കെടുത്തു.

Wild Animals wildlife elephant attack ak saseedran elephant dead pinarayai vijayan