മലപ്പുറം: 17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ മാസ്റ്റർ സിദ്ധീഖ് അലി അറസ്റ്റിൽ. പെൺകുട്ടിയെ പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഊർക്കടവിലെ കരാട്ടെ അധ്യാപകന് ഒട്ടേറെ പരാതികൾ വേറേയുമുണ്ടന്ന് സഹോദരിയും നാട്ടുകാരും ആരോപിക്കുന്നു. കരാട്ടെ അധ്യാപകന്‍ നേരത്തെയും മറ്റൊരു പോക്‌സോ കേസില്‍ റിമാന്‍ഡിലായിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ടാണ് പതിനേഴുകാരിയായ പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. പിന്നീട് പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ വെള്ളത്തില്‍ മുങ്ങികിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ വാഴക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.
കരാട്ടെ അദ്ധ്യാപകനെതിരെ പെണ്‍കുട്ടി നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. ഈ പരാതി കോഴിക്കോട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി വഴി പോലീസിന് കൈമാറിയിരുന്നെങ്കിലും പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നത് മൂലമാണ് പോലീസിന് മൊഴി രേഖപ്പെടുത്താന്‍ സാധിക്കാതിരുന്നത്.
പിന്നീട് കേസുമായി മുന്നോട്ടു പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ പുഴയില്‍ നിന്നും കണ്ടെത്തിയത്. പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ഥിനി താല്‍ക്കാലികമായി പഠനം നിര്‍ത്തിയിരുന്നു. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതിനാൽ അന്വേഷണം നടത്തണമെന്നും നാട്ടുകാരുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.