പദയാത്ര കടന്നുപോകുന്നിടത്തെല്ലാം ഇൻഡ്യ സഖ്യം തകരുന്നു, രാഹുലിന്റെ തന്ത്ര‌ങ്ങൾ പരാജയപ്പെടുന്നു;ജെഡിയു നേതാവ് നീരജ് കുമാർ

ജനതാദൾ(യുണൈറ്റഡ്) എൻഡിഎയിൽ ചേരുമെന്ന വാർത്തകൾക്കിടയിലും രാഹുലിന്റെ പദയാത്ര ബിഹാറിൽ പ്രവേശിക്കാനിരിക്കെയുമാണ് നീരജിന്റെ വിമർശനം

author-image
Greeshma Rakesh
New Update
പദയാത്ര കടന്നുപോകുന്നിടത്തെല്ലാം ഇൻഡ്യ സഖ്യം തകരുന്നു, രാഹുലിന്റെ തന്ത്ര‌ങ്ങൾ പരാജയപ്പെടുന്നു;ജെഡിയു നേതാവ് നീരജ് കുമാർ

പട്ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ജെഡിയു നേതാവ് നീരജ് കുമാർ.ജോഡോ യാത്രകൾ കടന്നു പോകുന്ന ഇടങ്ങളിലെല്ലാം ഇൻഡ്യാ സഖ്യം തകരുകയാണെന്നും രാഹുലിന്റെ പദയാത്രകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നും നീരജ് കുമാർ പറഞ്ഞു.ജനതാദൾ(യുണൈറ്റഡ്) എൻഡിഎയിൽ ചേരുമെന്ന വാർത്തകൾക്കിടയിലും രാഹുലിന്റെ പദയാത്ര ബിഹാറിൽ പ്രവേശിക്കാനിരിക്കെയുമാണ് നീരജിന്റെ വിമർശനം.

“കോൺഗ്രസ് പാർട്ടിക്കും രാഹുലിനും ഒരു പദയാത്ര നടത്താൻ അവകാശമുണ്ട്. പക്ഷെ ആ പദയാത്രയുടെ ഫലം എന്താണ്. അദ്ദേഹം ബംഗാളിൽ പോയപ്പോൾ മമത ബാനർജിയെ മാറ്റി നിർത്തി. ഇപ്പോൾ ബിഹാറിലേയ്‌ക്ക് പ്രവേശിക്കാനൊരുങ്ങുമ്പോൾ ഇവിടത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളും മാറുകയാണ്”-നീരജ് കുമാർ പറഞ്ഞു.

രാഹുൽ എവിടെ പോയാലും സഖ്യകക്ഷികൾ അകലാൻ തുടങ്ങും.അതിനാൽ തന്റെ തന്ത്രം എവിടെയാണ് പരാജയപ്പെടുന്നതെന്ന് രാഹുൽ ഗാന്ധി ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ജെഡിയു വക്താവ് കെ.സി ത്യാഗിയും പ്രതിപക്ഷ സഖ്യം തകരുന്നതിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നു.കോൺഗ്രസ് നേതാക്കൾ നിതീഷ് കുമാറിനോട് അനാദരവ് കാണിക്കുകയാണെന്ന് ത്യാഗി ആരോപിച്ചിരുന്നു.പഞ്ചാബ്, പശ്ചിമബംഗാൾ,ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ ഇൻഡ്യാ സഖ്യം ഏതാണ് അവസാനിച്ചതായും ത്യാഗി കൂട്ടിച്ചേർത്തു.

 

rahul gandhi congress JDU INDIA alliance MLC Neeraj Kumar