'ഓന്തിനെ പോലും തോൽപിക്കും, കൊടും ചതിയനായ അദ്ദേഹത്തെ ബിഹാർ ജനത മറക്കില്ല'; നിതീഷ് കുമാറിനെതിരെ ജയ്റാം രമേഷ്

''ഭാരത് ജോഡോ യാത്രയെയും യാത്ര മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെയും ഭയക്കുന്നവരാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും എന്ന് വ്യക്തമായിരിക്കുന്നു. അതിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ നാടകമാണിത്''- ജയ്റാം രമേഷ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

author-image
Greeshma Rakesh
New Update
'ഓന്തിനെ പോലും തോൽപിക്കും, കൊടും ചതിയനായ അദ്ദേഹത്തെ ബിഹാർ ജനത മറക്കില്ല'; നിതീഷ് കുമാറിനെതിരെ ജയ്റാം രമേഷ്

ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ബിജെപിയുമായി കൈക്കോർത്ത നിതീഷ് കുമാറിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേഷ്. നിതീഷ് കുമാർ രാഷ്ട്രീയ പങ്കാളികളെ അടിക്കടി മാറ്റുകയാണെന്നും,ഓന്തിനെ പോലും തോൽപിക്കുന്ന നിറംമാറ്റമാണിതെന്നും ജയ്റാം രമേഷ് പരിഹസിച്ചു.

''നിതീഷ് കുമാർ രാഷ്ട്രീയ പങ്കാളികളെ അടിക്കടി മാറ്റുകയാണ്. നിറം മാറുന്നതിൽ അദ്ദേഹം ഓന്തിനെ പോലും തോൽപിക്കുകയാണ്.കൊടും ചതിയനായ അദ്ദേഹത്തെ ബിഹാറിലെ ജനങ്ങൾ ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ താളത്തിനൊത്ത് തുള്ളിയവരാണ് അവർ. ഭാരത് ജോഡോ യാത്രയെയും യാത്ര മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെയും ഭയക്കുന്നവരാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും എന്ന് വ്യക്തമായിരിക്കുന്നു. അതിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ നാടകമാണിത്''- ജയ്റാം രമേഷ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

മാത്രമല്ല നിതീഷ് കുമാർ രാജിവെക്കുന്ന കാര്യത്തിൽ വലിയ അദ്ഭുതമൊന്നും തോന്നിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വളരെ പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനാണ് നിതീഷ്. നിരവധി തവണ മുഖ്യമന്ത്രിയായ വ്യക്തി.എന്നാൽ അദ്ദേഹം രാഷ്ട്രീയത്തിന്റെ നിറം നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നു. ഓന്തിനു പോലും വലിയ മത്സരം നടത്തേണ്ടി വരും അദ്ദേഹത്തിന് മുന്നിൽപിടിച്ചുനിൽക്കാൻ. ബിഹാർ ജനത തന്നെ അദ്ദേഹത്തിന് ഇതിന് മറുപടി നൽകും.-ജയ്റാം രമേഷ് പറഞ്ഞു.

അതെസമയം അത് സംഭവിക്കുമെന്ന് അറിയാമായിരുന്നുവെന്നും ‘ആയാ റാം-ഗയാ റാം’ പോലെ നിരവധി ആളുകൾ രാജ്യത്തുണ്ടെന്നും മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചിരുന്നു.നിതീഷും ഞങ്ങളും ഒരുമിച്ചായിരുന്നു പോരാട്ടം.ഇൻഡ്യ സഖ്യത്തിനൊപ്പം നിൽക്കാൻ നിതീഷിന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ ഒപ്പം നിന്നേനെ. ഞങ്ങൾക്ക് ഇത് നേരത്തെ അറിയാമായിരുന്നു, പക്ഷേ ഇൻഡ്യ സഖ്യം തകരാതിരിക്കാൻ ശ്രമിച്ചു. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അത് തെറ്റായ സന്ദേശം നൽകും. നിതീഷ് സഖ്യം വിടുന്നതിനെ കുറിച്ച് നേരത്തെ തന്നെ ലാലു പ്രസാദ് യാദവും തേജസ്വി യാദവും മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് അത് യാഥാർഥ്യമായി- ഖാർഗെ പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് നിതീഷ് കുമാർ മുഖ്യമന്തിസ്ഥാനത്ത് നിന്ന് രാജി വെച്ചത്.ഇതോടെ മഹാസഖ്യവുമായുള്ള ബന്ധവും അവസാനിച്ചു. .

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാറിൻറെ ജെ.ഡി.യു- ബി.ജെ.പി സഖ്യ സർക്കാർ വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി എം.എൽ.എമാർ ഇതിനകം തന്നെ നിതീഷിനെ പിന്തുണക്കുന്നതായി കാണിച്ചുള്ള കത്ത് കൈമാറിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ചും ഇരുകക്ഷികളും ധാരണയിലെത്തി.

bihar politics congress jairam ramesh INDIA alliance resignation Nitish kumar BJP