വയനാട്: സിദ്ധാർത്ഥന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി കോളേജ് ഡീൻ എം. കെ നാരായണന്റെ വാദങ്ങൾ തള്ളി പിതാവ് ജയപ്രകാശ്.സിദ്ധാർത്ഥ് മരണപ്പെട്ട ദിവസം ഡീൻ വിളിക്കുകയോ വീട്ടിലേക്ക് വരികയോ ചെയ്തിട്ടില്ലെന്ന് പിതാവ് വ്യക്തമാക്കി.കോളേജ് ഡീനിന് ഹോസ്റ്റലിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
മകൻ മരിച്ച് ഒരാഴ്ച കഴിഞ്ഞാണ് ഡീൻ വിട്ടീൽ വന്നത്.ഡീൻ വരുന്നതിന് മുമ്പ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ വന്ന് ഡീൻ വരുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് ചോദിച്ചു. ഡീൻ വന്ന് കഴിഞ്ഞാൽ ബന്ധുക്കളോ നാട്ടുകാരോ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുമോ എന്നൊക്കെ ചോദിച്ചറിഞ്ഞതിന് ശേഷമാണ് വീട്ടിലേക്ക് വന്നതെന്നും സിദ്ധാർത്ഥിന്റെ പിതാവ് പറഞ്ഞു.
ഡീൻ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ ഇങ്ങനെ പോലീസ് പ്രൊട്ടക്ഷനിൽ വരേണ്ട കാര്യമില്ലല്ലോയെന്നും പിതാവ് ചോദിച്ചു. അതെസമയം ഡീനിന്റെ ഭാഗത്ത് നിന്നും ഒരു കാര്യവും അറിയിച്ചിരുന്നില്ലെന്നും ഒരു പിജി വിദ്യാർത്ഥി മാത്രമാണ് കാര്യങ്ങൾ അറിച്ചതെന്നും പിതാവ് ജയപ്രകാശ് വ്യക്തമാക്കി.
ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ച് സിദ്ധാർത്ഥിനെ മർദ്ദിക്കുമ്പോൾ അവന്റെ കരച്ചിൽ ഒരു കിലോമീറ്റർ അപ്പുറത്തേക്ക് വരെ കേട്ടിരുന്നുവെന്നാണ് അവന്റെ സുഹൃത്തുക്കൾ പറഞ്ഞത്. കേവലം 50 മീറ്റർ അപ്പുറത്താണ് വാർഡൻ താമസിക്കുന്നത്. ഈ സാഹചര്യത്തിൽ പോലും ഹോസ്റ്റലിൽ നടക്കുന്നത് എന്താണെന്ന് ഇവർ അറിഞ്ഞില്ലെന്നു പറയുന്നത് വിശ്വാസനീയമല്ലെന്നും അദ്ദേഹം ആവർത്തിച്ചു.