ന്യൂഡൽഹി: ഇന്ത്യ സ്വന്തമായി അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ എയർഫോഴ്‌സിന്റെ കുശ പദ്ധതിയ്ക്ക് കീഴിൽ അയൺ ഡോം വികസിപ്പിക്കുന്നതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഹമാസിന്റെ നിരവധി റോക്കറ്റുകളെ നശിപ്പിക്കാൻ ഇസ്രായേലിനെ സഹായിച്ചത് ഈ അയൺ ഡോം എന്ന വ്യോമാക്രമണ പ്രതിരോധ സംവിധാനമാണ്.
350 കിലോമീറ്റർ പരിധിയിലുള്ള ഇൻകമിംഗ് സ്റ്റെൽത്ത് ഫൈറ്ററുകൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, പ്രിസിഷൻ ഗൈഡഡ് യുദ്ധോപകരണങ്ങൾ എന്നിവ കണ്ടെത്താനും നശിപ്പിക്കാനും തദ്ദേശീയ ലോംഗ് റേഞ്ച് സർഫസ് ടു എയർ മിസൈൽ (എൽആർ-എസ്എഎം) സംവിധാനത്തിന് കഴിയുമെന്ന് ഈ മേഖലയിലെ വിദഗ്ദർ പറഞ്ഞു.
ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നും ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പുതിയ സംവിധാനം. 2028-29 ഓടെ ഇത് വിന്യസിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം.പുതിയ സംവിധാനം ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.
350 കിലോമീറ്റർ പരിധിയിലുള്ള ഇൻകമിംഗ് സ്റ്റെൽത്ത് ഫൈറ്ററുകൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, പ്രിസിഷൻ ഗൈഡഡ് യുദ്ധോപകരണങ്ങൾ എന്നിവ കണ്ടെത്താനും നശിപ്പിക്കാനും തദ്ദേശീയ ലോംഗ് റേഞ്ച് സർഫസ് ടു എയർ മിസൈൽ (എൽആർ-എസ്എഎം) സംവിധാനത്തിന് കഴിയുമെന്ന് വിദഗ്ദർ പറയുന്നു.
ദീർഘദൂര നിരീക്ഷണവും അഗ്നി നിയന്ത്രണ റഡാറുകളും ഇതിൽ ഉൾപ്പെടുത്തും. കൂടാതെ, 150കി.മി, 250 കി.മി, 350കി.മി പരിധികളിൽ നിന്നുള്ള ശത്രുക്കളുടെ ആക്രമണലക്ഷ്യങ്ങളും തയ്യാറെടുപ്പുകളും തകർക്കാൻ കഴിയുന്ന വ്യത്യസ്ത തരം ഇന്റർസെപ്റ്റർ മിസൈലുകൾ ഇതിന് ഉണ്ടായിരിക്കും.
നിലവിൽ പാക്കിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ആക്രമണങ്ങളെ നേരിടാൻ ഇന്ത്യൻ എയർഫോഴ്സ് (ഐഎഎഫ്) വാങ്ങിയ റഷ്യൻ നിർമ്മിത എസ്-400 ട്രയംഫ് വടക്കുപടിഞ്ഞാറൻ, കിഴക്ക് ഭാഗങ്ങളിൽ ആദ്യ മൂന്ന് എസ്-400 സ്ക്വാഡ്രണുകളെ വിന്യസിച്ചിട്ടുണ്ട്.
എയർബോൺ മുന്നറിയിപ്പ്, നിയന്ത്രണ സംവിധാനങ്ങൾ, മിഡ്-എയർ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ എന്നിവ 350 കിലോമീറ്റർ പരിധിയിലുള്ള ആക്രമണങ്ങളെ ചെറുക്കാൻ സഹായിക്കുമെന്നും ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ
അറിയിച്ചു.
അതെസമയം അയൺ ഡോമിന്റെ ഇന്ത്യയുടെ പതിപ്പ് വിചാരിച്ചതുപോലെ പ്രയോജനകരമാകില്ലെന്ന് ചില വിദഗ്ധർ ഭയപ്പെടുന്നുണ്ട്. 2013 മുതൽ താൻ ഈ സംവിധാനത്തിന്റെ വക്താവായിരുന്നുവെന്നും എന്നാൽ ഇന്നല്ലെന്നും സെന്റർ ഫോർ എയർ പവർ സ്റ്റഡീസിന്റെ തലവനായ എയർ മാർഷൽ അനിൽ ചോപ്ര (റിട്ടയേർഡ്) പറഞ്ഞു.
അയൺ ഡോം ഒരു മികച്ച വ്യോമ പ്രതിരോധ സംവിധാനമാണെങ്കിലും ഇസ്രായേൽ നേരിടുന്ന ഭീഷണി കണക്കിലെടുത്താണ് ഇത് വികസിപ്പിക്കുന്നതെന്ന് ഐഎഎഫ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
“ഇന്ത്യ നിരവധി ഭീഷണികൾ നേരിടുന്നു. ഇന്ത്യ നേരിടുന്നതുപോലുള്ള ഭീഷണികളെ നേരിടാൻ ഇസ്രായേലിന് മറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങളുണ്ട്. കൂടാതെ ഇന്ത്യയ്ക്ക് ഒരു മൾട്ടി-ലേയേർഡ് എയർ ഡിഫൻസ് സിസ്റ്റവും ഉണ്ട്, ഇപ്പോൾ സ്വന്തം ബാലിസ്റ്റിക് പ്രതിരോധ കവചം വികസിപ്പിക്കുകയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു .
ഇന്ത്യൻ എയർഫോഴ്‌സിന്റെ കുശ പദ്ധതിയ്ക്ക് കീഴിലാണ് ഇന്ത്യയുടെ അയൺ ഡോം വികസിപ്പിക്കുന്നത്. പദ്ധതിക്ക് 21,700 കോടി രൂപയുടെ അനുമതി ലഭിച്ചു. ഡിആർഡിഒ സ്വകാര്യ, പൊതുമേഖലാ വ്യവസായങ്ങളുമായി ചേർന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. കുശ പദ്ധതി ഇന്ത്യയുടെ ആത്മനിർഭർ ഭാരതിലേയ്ക്കുള്ള ചുവടുവെപ്പിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഇന്ത്യൻ ഡിഫൻസ് റിസർച്ച് വിംഗ് പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു.