വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അജീഷിൻ്റെ വീട്ടിലെത്തി ​ഗവർണർ;പോളിൻ്റെ വീടും സന്ദർശിക്കും, പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ

നിലവിൽ ​ഗവർണർ അജീഷിന്റെ വീട്ടിൽ എത്തിയിട്ടുണ്ട്.കുടുംബാങ്ങളുമായി സംസാരിക്കുകയാണ്. 15 മിനിറ്റിലധികം ഇവിടെ ചിലവഴിക്കുമെന്നാണ് വിവരം

author-image
Greeshma Rakesh
New Update
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അജീഷിൻ്റെ വീട്ടിലെത്തി ​ഗവർണർ;പോളിൻ്റെ  വീടും സന്ദർശിക്കും, പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ


വയനാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിൽ. മാനന്തവാടി ഗസ്റ്റ് ഹൗസിൽ നിന്ന് ഗവർണർ പുറപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ മരിച്ച അജീഷിൻ്റെയും പോളിൻ്റെയും വീടുകൾ സന്ദർശിക്കാനാണ് വയനാട്ടിലെത്തിയത്. നിലവിൽ ഗവർണർ അജീഷിന്റെ വീട്ടിൽ എത്തിയിട്ടുണ്ട്.കുടുംബാങ്ങളുമായി സംസാരിക്കുകയാണ്. 15 മിനിറ്റിലധികം ഇവിടെ ചിലവഴിക്കുമെന്നാണ് വിവരം. ശേഷം പോളിൻ്റെയും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി പ്രജീഷിന്റെയും വീടും സന്ദര്‍ശിക്കും.

തുടർന്ന് മാനന്തവാടി ബിഷപ്പുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.അതെസമയം പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഗവർണർക്ക് ഒരുക്കിയിരിക്കുന്നത്.മാനന്തവാടി ബിഷപ്‌സ് ഹൗസില്‍ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വൈകിട്ടോടെ വിമാന മാര്‍ഗം തിരികെ തിരുവനന്തപുരത്തേക്കു മടങ്ങും. ഇന്നലെ രാത്രിയോടെയാണ് ഗവർണർ വയനാട്ടിലെത്തിയത്.

വയനാട് സന്ദർശനത്തിന്റെ ഭാഗമായി ഞായറാഴ്ച കണ്ണൂരിലെത്തിയ ഗവർണർക്കു നേരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. കരിങ്കൊടി കാണിച്ച ചില പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവരെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് പൊലീസ് ജീപ്പ് തടഞ്ഞിട്ട ഡിവൈഎഫ്ഐ പ്രവർത്തകർ, കസ്റ്റഡിയിലെടുത്തവരെ മോചിപ്പിച്ചു. തുടർന്ന് മട്ടന്നൂർ ടൗണിൽ എസ്എഫ്ഐ– ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം അരങ്ങേറി.

അതെസമയം വാച്ചർ പോളിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഇടത് സർക്കാരിനെതിരെ താമരശേരി രൂപത ഞായറാഴ്ച രംഗത്തെത്തിയിരുന്നു. കർഷകൻ്റെ ജന്മാവകാശം ഇല്ലാതാക്കുന്ന ക്രൂരമായ സമീപനമാണ് ഭരണകൂടവും വനം വകുപ്പും സ്വീകരിക്കുന്നതെന്ന് താമരശേരി രൂപത ആരോപിച്ചു.

വന്യമൃഗശല്യം തടയാൻ പദ്ധതികൾ സമയോചിതമായി നടപ്പിലാക്കുന്നില്ല. വനം വകുപ്പിൻ്റെയും ഭരണകൂടത്തിൻ്റെയും അനാസ്ഥയും നിഷ്ക്രിയത്വവുമാണ് നിലവിലെ സംഭവങ്ങൾക്ക് കാരണം. നാളെ സർക്കാർ അവഗണനക്കെതിരെ രൂപതയിലെ ഇടവകകളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്നും താമരശേരി രൂപത അധികൃതർ വ്യക്തമാക്കി.

governor arif mohammad khan elephant attack wayand