കൊല്ലം: ഏതാനും ദിവസം മുമ്പും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നതായി അബിഗേൽ സാറയുടെ അമ്മൂമ്മ. ഒരു കാർ പിന്തുടരുന്ന കാര്യം കുട്ടികൾ പറഞ്ഞെങ്കിലും അത് കാര്യമായെടുത്തില്ലെന്ന് അമ്മൂമ്മ പറഞ്ഞു.ഇതിനു മുമ്പും കുട്ടിയെ തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച കാർ വീടിനടുത്ത് നിർത്തിയിട്ടതായി കണ്ടിരുന്നെന്ന് കുട്ടികൾ പറഞ്ഞിരുന്നു.
മാത്രമല്ല നിർത്തിയിട്ട കാറിൽ നിന്നും രണ്ടുപേർ തങ്ങളെ സൂക്ഷിച്ച് നോക്കിയെന്നാണ് കുട്ടികൾ വീട്ടിൽ വന്ന് പറഞ്ഞതെന്നും, എന്നാൽ കുഞ്ഞുങ്ങളുടെ തോന്നലാണെന്ന് കരുതിയാണ് ഗൗരവത്തിൽ എടുക്കാഞ്ഞതെന്നും അമ്മൂമ്മ പറഞ്ഞു.
അതെസമയം നവംബർ 24-ാം തീയതിയും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായാണ് പോലീസ് നൽകുന്ന വിവരം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ.
മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറാണ് അന്ന് സംഘം ഉപയോഗിച്ചത്. എന്നാൽ, കുട്ടിയുടെ ഒപ്പം മുത്തശ്ശി ഉണ്ടായിരുന്നതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. നിരവധി ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചതിന് പിന്നാലെയാണ് കണ്ടെത്തൽ.
കൊല്ലം ഓയൂരിൽ ആറ് വയസുകാരി അബിഗേൽ സാറയെ കാണാതായിട്ട് 15 മണിക്കൂർ പിന്നിട്ടു.തിങ്കളാഴ്ച വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ച് അബിഗേൽ സാറയെ വെള്ള കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്.ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്ന് പുറത്തേക്കു തള്ളിയിടുകയായിരുന്നു.
പണം ആവശ്യപ്പെട്ട് വന്ന ഫോൺകോളിലും ഒരു രേഖാചിത്രവും കേന്ദ്രീകരിച്ചാണ് നിലവിൽ പൊലീസ് അന്വേഷണം നടക്കുന്നത്. പ്രതികളിൽ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു.
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമം നടക്കുന്നുണ്ട്. അതെസമയം സംശയത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ശ്രീകണ്ഠേശ്വരത്തെ ഒരു കാർ വാഷിംഗ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.