ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കൽക്കരി കത്തിച്ച പുക ശ്വസിച്ച് നാല് മരണം.രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലു പേരാണ് മരിച്ചത്. ഡൽഹി അലിപൂരിലാണ് ദാരുണ സംഭവം. തണുപ്പകറ്റാൻ കത്തിച്ച കൽക്കരിയിൽ നിന്നുള്ള പുക ശ്വസിച്ചതാണ് മരണ കാരണം.കഴിഞ്ഞ കുറച്ചുനാളായി ഉത്തരേന്ത്യയിൽ കടുത്ത ശൈത്യമാണ്.
ഡൽഹിയിലുൾപ്പെടെ കൊടും തണുപ്പിന്റെ പിടിയിലാണ്.ഈ തണുപ്പിൽ നിന്ന് ആശ്വാസം കണ്ടെത്താൻ കൽക്കരി കത്തിച്ച ശേഷം കുടുംബാംഗങ്ങൾ കിടന്നുറങ്ങുകയായിരുന്നു.വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഫോറൻസിക് സംഘം സംഭവസ്ഥലത്ത് നിന്ന് കൽക്കരിയുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് അഡീഷണൽ ഡിസിപി (ഔട്ടർ നോർത്ത്) ബി ഭരത് റെഡ്ഡി പറഞ്ഞു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും സമാനരീതിയിൽ അപകടം റിപ്പോർട്ട് ചെയ്തിരുന്നു. കൽക്കരി കത്തിച്ച ശേഷം കിടന്നുറങ്ങിയ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതെസമയം തണുപ്പകറ്റാനായി കൽക്കരി കത്തിക്കുന്ന കാര്യത്തിൽ ജാഗ്രത വേണമെന്ന് ഡൽഹി സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൽക്കരി കത്തിക്കുന്നുണ്ടെങ്കിൽ ഉറങ്ങുന്നതിന് മുമ്പ് കെടുത്തണമെന്നാണ് നിർദേശം.