ഇസ്ലാമാബാദ്: ആദ്യമായി പാകിസ്ഥാൻ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാക്-ഹിന്ദു യുവതി. ഖൈബർ പഖ്തൂൺഖ്വയിലെ ബുനർ ജില്ലയിലെ ഹിന്ദു സമുദായാംഗമായ ഡോ. സവീര പർകാശ് ആണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചത്.
16-ാമത് ദേശീയ അസംബ്ലിയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 2024 ഫെബ്രുവരി 8-നാണ് പാകിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുക.പിപിപിയുടെ മുതിർന്ന നേതൃത്വം തന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കുമെന്ന് പ്രതീക്ഷിച്ച് ഡിസംബർ 23 നാണ് സവീര നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
ബുനർ ജില്ലയിലെ പികെ-25-ന്റെ ജനറൽ സീറ്റിലേക്ക് സവീര പർകാശ് ഔദ്യോഗികമായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.ഹിന്ദു സമൂഹത്തിലെ അംഗമായ സവീര പർകാശ് 35 വർഷമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) അംഗമായ തന്റെ പിതാവ് ഓം പ്രകാശിന്റെ പാത പിന്തുടർന്നാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്.
ബുനറിൽ നിന്ന് ഒരു പൊതു സീറ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ആദ്യ വനിതയാണ് സവീര പർകാശ് എന്ന് ക്വാമി വതൻ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പ്രാദേശിക രാഷ്ട്രീയക്കാരനായ സലീം ഖാൻ അഭിപ്രായപ്പെട്ടു.
അബോട്ടാബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളേജിൽ നിന്ന് 2022-ൽ ബിരുദം നേടിയ സവീര പർകാശ് നിലവിൽ പിപിപി വനിതാ വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. സമൂഹത്തിന്റെ ക്ഷേമത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചുകൊണ്ട്, സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനും അവരുടെ അവകാശങ്ങൾക്കായി വാദിക്കാനും ആഗ്രഹിക്കുന്നതായി സവീര ഡോണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വികസന മേഖലയിൽ സ്ത്രീകളോടുള്ള അവഗണനയും അടിച്ചമർത്തലും അവർ ഊന്നിപ്പറയുകയും തിരഞ്ഞെടുക്കപ്പെട്ടാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.