തിരുവനന്തപുരം: സൈബർ തട്ടിപ്പ് പരാതികളിൽ അതത് പൊലീസ് സ്റ്റേഷനിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് ഡിജിപിയുടെ നിർദേശം.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങളിലെ പരാതികൾ സൈബർ പൊലീസ് സ്റ്റേഷനിലേക്ക് അയയ്ക്കുന്ന പതിവുരീതി ഇനി തുടരില്ല.ജില്ലാ പൊലീസ് മേധാവികൾക്കു ഡിജിപി നിർദേശം കൈമാറി. കഴിഞ്ഞദിവസം ഡിജിപി വിളിച്ചു ചേർത്ത ക്രൈം അവലോകന യോഗത്തിൽ ജില്ലാ പൊലീസ് മേധാവികൾക്ക് കേസിന്റെ രീതികൾ വിവരിച്ചു.
ഇതിനുമുമ്പ് ഏതു പൊലീസ് സ്റ്റേഷനിൽ വരുന്ന പരാതി സൈബർ പൊലീസ് സ്റ്റേഷനിലേക്കയക്കും. പിന്നീട് അവിടെ കേസെടുത്ത് അന്വേഷണം നടത്തും. സൈബർ പൊലീസ് സ്റ്റേഷനുകൾ ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ ഒരു ജില്ലയിൽ ഒരെണ്ണമാണുള്ളത്.
ഇവിടേക്ക് എല്ലാ പരാതികളും വന്നതോടെ ഉദ്യോഗസ്ഥർക്ക് ജോലി ഇരട്ടിയായി.മാത്രമല്ല പലപ്പോഴും പണം നഷ്ടപ്പെട്ട ഉടനെ ലോക്കൽ സ്റ്റേഷനിലേക്ക് ചെല്ലുന്നവരോട്, ഇവിടെ പറ്റില്ല, സൈബർ സ്റ്റേഷനിൽ പരാതിപ്പെടണമെന്നു പറഞ്ഞു കയ്യൊഴിയുന്നതായി പരാതികളുയരുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം.
അതെസമയം വൻതുക നഷ്ടപ്പെട്ട സംഭവങ്ങളിലും ലോൺ ആപ് പോലുള്ള കേസുകളും വന്നാൽ ലോക്കൽ പൊലീസ് കേസെടുത്ത ശേഷം സൈബർ പൊലീസ് സ്റ്റേഷനുകളിലേക്കു മാറ്റി നൽകാം. കാരണം ആപ്പിന്റെ ഉറവിടം കണ്ടെത്തേണ്ടതും നിരോധിക്കാൻ നടപടിയെടുക്കേണ്ടതും സംസ്ഥാന സൈബർ ഓപ്പറേഷൻസ് വിഭാഗം വഴിയാണ്.
എന്നാൽ ഫെയ്സ്ബുക് വഴിയുള്ള അപമാനിക്കലും ചെറിയ തുകയ്ക്കുള്ള ഓൺലൈൻ തട്ടിപ്പുകളിൽ ലോക്കൽ പൊലീസ് കേസെടുത്ത് അന്വേഷിക്കണം നടത്തണം. ഇതിൽ കേസെടുത്താൽ പ്രതിയെ കണ്ടെത്താൻ സ്റ്റേഷനിലെ സൈബർ വിഭാഗത്തിനു സാധിക്കും. പ്രതി ഉപയോഗിക്കുന്ന കംപ്യൂട്ടറിന്റെയോ മൊബൈലിന്റെയോ ഐപി വിലാസം ജില്ലാ സൈബർ സെൽ തന്നെ നൽകുന്ന മുറയ്ക്ക് പ്രതിയെ പിടിക്കാം.