ന്യൂഡൽഹി:ഇന്ത്യൻ ഏജന്റുമാർ അതിർത്തി കടന്ന് തങ്ങളുടെ രാജ്യത്തെ ജനങ്ങളെ കൊലപ്പെടുത്തിയെന്ന പാകിസ്താന്റെ ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. വ്യാജവും ദുരുദ്ദേശപരവുമായ രീതിയിൽ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്താനുള്ള പാകിസ്താന്റെ പുതിയ ശ്രമമാണ് നിലവിൽ നടക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.വിതയ്‌ക്കുന്നത് മാത്രമേ കൊയ്യൂ എന്നും, സ്വന്തം തെറ്റുകൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതും പഴി ചാരുന്നത് ഒരു ന്യായീകരണമോ പരിഹാരമോ ആകില്ലെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.
” ഈ ലോകത്തിന് മുഴുവൻ അറിയാവുന്നത് പോലെ ഭീകരവാദത്തിന്റേയും, കുറ്റകൃത്യങ്ങളുടേയും, നിയമവിരുദ്ധമായ രാജ്യാന്തര പ്രവർത്തനങ്ങളുടേയും പ്രഭവ കേന്ദ്രമാണ് പാകിസ്താൻ. ഇന്ത്യയും മറ്റ് പല രാജ്യങ്ങളും പാകിസ്ഥാന് പരസ്യമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭീകരവാദവും അക്രമവുമെല്ലാം സ്വന്തമാക്കി വച്ചിരിക്കുന്ന പാകിസ്താൻ അത് തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നില്ല. കുപ്രചരണങ്ങൾ നടത്തുന്നത് പാകിസ്താന്റെ പതിവാണ്. വിതയ്‌ക്കുന്നത് മാത്രമേ കൊയ്യൂ എന്നത് ഒരിക്കലും മറക്കരുതെന്നും” ജയ്‌സ്വാൾ പറഞ്ഞു.
കഴിഞ്ഞ വർഷം സിയാൽകോട്ടിലും റാവൽകോട്ടിലും രണ്ട് ജയ്ഷ്, ലഷ്‌കർ ഭീകരരെ കൊലപ്പെടുത്തിയത് ഇന്ത്യൻ ഏജന്റുമാരാണെന്നാണ് പാകിസ്താന്റെ ആരോപണം.അതിർത്തി കടന്നുള്ള കൊലപാതകങ്ങളാണ് നടന്നതെന്നും, ഇതിനുള്ള തെളിവുകൾ തങ്ങളുടെ കൈവശം ഉണ്ടെന്നും പാക് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് സൈറസ് സജ്ജാദ് ഖാസി പറഞ്ഞിരുന്നു.
കഴിഞ്ഞ സെപ്തംബർ എട്ടിനാണ് ലഷ്‌കർ ഭീകരനായ അബു കാസിം പാക് അധീന കശ്മീരിലെ റാവൽകോട്ട് മേഖലയിൽ വച്ച് അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2023 ജനുവരി ഒന്നിന് കശ്മീരിൽ നടന്ന ധാൻഗ്രി ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരനാണ് അബു കാസിം.
ഒക്ടോബർ 11നാണ് ജയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസ്ഹറിന്റെ അടുത്ത അനുയായിയും പത്താൻകോട്ട് ആക്രമണത്തിന്റെ സൂത്രധാരനുമായ ഷാഹിദ് ലത്തീഫ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഈ രണ്ട് കൊലപാതകങ്ങളും നടത്തിയത് ഇന്ത്യൻ ഏജന്റുമാരാണെന്ന് പാകിസ്താന്റെ വാദം.