കൊച്ചിയിലെ മാലിന്യപ്രശ്നം; 15 മാസത്തിനകം 10 ഏക്കർ ഭൂമിയിൽ ബി.പി.സി.എൽ മാലിന്യ സംസ്കരണ പ്ലാന്‍റ്

കൊച്ചി കോർപ്പറേഷന്‍റെ കൈവശമുള്ള ബ്രഹ്മപുരത്തെ ഭൂമിയിൽ നിന്നും 10 ഏക്കർ ഭൂമി കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്‍റിനായി ബിപിസിഎല്ലിനു കൈമാറും. ഇവിടെ പ്രതിദിനം 150 ടണ്‍ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്‍റാകും സ്ഥാപിക്കുക.

author-image
Greeshma Rakesh
New Update
കൊച്ചിയിലെ മാലിന്യപ്രശ്നം; 15 മാസത്തിനകം 10 ഏക്കർ ഭൂമിയിൽ ബി.പി.സി.എൽ മാലിന്യ സംസ്കരണ പ്ലാന്‍റ്

കൊച്ചി: കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന ഭാരത് പെട്രോളിയം കോർപ്പറേഷന്‍റെ (ബിപിസിഎൽ) കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്‍റിന് മന്ത്രിസഭയുടെ അംഗീകാരം.

കൊച്ചി കോർപ്പറേഷന്‍റെ കൈവശമുള്ള ബ്രഹ്മപുരത്തെ ഭൂമിയിൽ നിന്നും 10 ഏക്കർ ഭൂമി കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്‍റിനായി ബിപിസിഎല്ലിനു കൈമാറും. ഇവിടെ പ്രതിദിനം 150 ടണ്‍ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്‍റാകും സ്ഥാപിക്കുക.15 മാസത്തിനകം പദ്ധതി പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.

പ്ലാന്‍റില്‍ ഉത്പാദിപ്പിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് ബിപിസിഎൽ തന്നെ ഉപയോഗിക്കും. ഏകദേശം 150 കോടി രൂപയാണ് ഇതിന്റെ നിർമാണ ചെലവ്. ഈ തുക പൂർണമായും ബിപിസിഎൽ വഹിക്കും.അതെസമയം പ്ലാന്‍റ് നിർമാണത്തിന് ആവശ്യമായ ജലം, വൈദ്യുതി എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും.

പ്ലാന്‍റില്‍ ഉത്പാദിപ്പിക്കുന്ന ജൈവവളം കർഷകർക്ക് ലഭ്യമാക്കും. മാലിന്യ സംസ്കരണത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന മലിനജലം സംസ്കരിച്ചതിനു ശേഷം ശുദ്ധമായ ജലം മാത്രമേ പുറത്തുവിടുകയുള്ളൂ. സംസ്കരണത്തിനു ശേഷം ബാക്കിയാവുന്ന അജൈവ മാലിന്യം മുഴുവൻ ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത് സംസ്കരിക്കും.

7 ലക്ഷത്തിനടുത്ത് ജനസംഖ്യയും 1,61,000ലധികം വീടുകളുമുള്ള കൊച്ചി കോർപ്പറേഷനിലെ ജൈവമാലിന്യ പ്രശ്നത്തിന് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്‍റ് വലിയൊരു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

kochi waste management biogas plant BPCL