നൂറിലേറെ പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ നടത്താന്‍ ഇനി മാലിന്യ സംസ്‌കരണ ഫീസ് നിര്‍ബന്ധം

നൂറിലധികം ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍, വിവാഹങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്‍പ്പടെയുള്ള പൊതു പരിപാടികള്‍, യോഗങ്ങള്‍ തുടങ്ങിവയെല്ലാം നടത്താന്‍ മാലിന്യ സംസ്‌കരണ ഫീസ് അടക്കണം.

author-image
Priya
New Update
നൂറിലേറെ പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ നടത്താന്‍ ഇനി മാലിന്യ സംസ്‌കരണ ഫീസ് നിര്‍ബന്ധം

തിരുവനന്തപുരം: നൂറിലധികം ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍, വിവാഹങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്‍പ്പടെയുള്ള പൊതു പരിപാടികള്‍, യോഗങ്ങള്‍ തുടങ്ങിവയെല്ലാം നടത്താന്‍ മാലിന്യ സംസ്‌കരണ ഫീസ് അടക്കണം.

3 ദിവസം മുന്‍പ് തന്നെ പരിപാടിയെക്കുറിച്ച് തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിന്റെ ഫീസും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തിലുള്ള പരിപാടികളിലെ മാലിന്യങ്ങള്‍ തദ്ദേശസ്ഥാപനം തീരുമാനിച്ചിരിക്കുന്ന ഫീസ് നല്‍കി ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സികള്‍ക്കോ മാലിന്യം ശേഖരിക്കുന്നവര്‍ക്കോ കൈമാറണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, മാലിന്യം വലിച്ചെറിയുന്നവര്‍ക്കുള്ള പിഴത്തുക വര്‍ധിപ്പിച്ചിട്ടുണ്ട്.ഗവര്‍ണറുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ
1000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും 6 മാസം മുതല്‍ 1 വര്‍ഷം വരെ തടവും നിര്‍ദേശിക്കുന്ന നിയമഭേദഗതി നിയമമാകും.

നവംബര്‍ മാസത്തോടെ നഗരങ്ങളിലെ പ്രധാന റോഡുകളില്‍ 500 മീറ്റര്‍ ഇടവിട്ടും പഞ്ചായത്തുകളില്‍ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ചും അജൈവ മാലിന്യ സംഭരണ ബിന്നുകള്‍ സ്ഥാപിക്കും.

ഇതോടൊപ്പം ഇവ നിരീക്ഷിക്കുന്നതിന് വേണ്ടിയുള്ള സംവിധാനവുമുണ്ടാവും.പൊതുപരിപാടികള്‍ നടത്തുന്നവര്‍ക്ക് ഹാളുകള്‍, മൈതാനങ്ങള്‍ എന്നിവയുടെ വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ബിന്നുകള്‍ നിര്‍ബന്ധമാക്കും.

സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും ബിന്നുകള്‍ സ്ഥാപിക്കും. ഉടനെ തന്നെ അങ്കണവാടി ഒഴികെയുള്ള മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലും അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുന്ന മിനി മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കണം.

മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാന്‍ പൊതുയിടങ്ങളില്‍ ഡിസംബറിനകം ക്യാമറകള്‍ സ്ഥാപിക്കും.

 

waste