മുംബൈ: മുംബൈയില്‍ നടന്ന ലേലത്തില്‍ രാജാ രവിവര്‍മയുടെ മൂന്നു ചിത്രങ്ങള്‍ വിറ്റ് പോയത് 45 കോടി രൂപയ്ക്ക്.13 മുതല്‍ 20 കോടി രൂപ വരെയാണ് മൂന്ന് ചിത്രങ്ങള്‍ക്കുമുള്ള അടിസ്ഥാനവില.
മുംബൈയിലെ പുണ്ടോള്‍ ഗാലറിയാണ് രവിവര്‍മയുടേതടക്കം 71 ചിത്രങ്ങളാണ് ലേലത്തില്‍ വിറ്റത്. 14 കോടി രൂപയ്ക്കാണ് രവിവര്‍മയുടെ 'കൃഷ്ണനും രുഗ്മിണിയും' എന്ന ചിത്രം വിറ്റത്.
'രാമനും സീതയും ലക്ഷ്മണനും സരയൂനദി കടക്കുന്നു' എന്ന ചിത്രത്തിന് 13 കോടിയും 'ദത്തത്രേയ'യ്ക്ക് 18 കോടിയും ലഭിച്ചു. രണ്ടാമത്തെ തവണയാണ് രവിവര്‍മയുടെ മൂന്നുചിത്രങ്ങള്‍ ഒന്നിച്ച് ലേലത്തില്‍ വെക്കുന്നതെന്ന് പുണ്ടോള്‍ ഗാലറി വൃത്തങ്ങള്‍ പറഞ്ഞു.
രവിവര്‍മ വരച്ച ചിത്രങ്ങളെല്ലാം ജര്‍മന്‍കാരനായ ഫ്രിറ്റ്സ് ഷ്ളിച്ചര്‍ കുടുംബത്തിന്റെ ശേഖരത്തിലുള്ളതാണ്. മുംബൈയില്‍ രവിവര്‍മ ആരംഭിച്ച പ്രസ് നടത്താന്‍ ജര്‍മനിയില്‍ നിന്ന് വന്നതാണ് ഫ്രിറ്റ്സ് ഷ്ളിച്ചര്‍.
പിന്നീട് ലോണാവാലയിലേക്ക് മാറ്റി സ്ഥാപിച്ച പ്രസ് രവിവര്‍മ അദ്ദേഹത്തിന് വില്‍ക്കുകയായിരുന്നു. പ്രസ് വാങ്ങിയ ഷ്ളിച്ചര്‍ അവിടെയുണ്ടായിരുന്ന രവിവര്‍മയുടെ ചിത്രങ്ങള്‍ കൂടി സ്വന്തമാക്കിയിരുന്നു.
അക്കൂട്ടത്തിലുള്ള മൂന്നുചിത്രങ്ങളാണ് ഇപ്പോള്‍ ലേലത്തില്‍ വിറ്റത്. ചിത്രങ്ങള്‍ ആരാണ് വാങ്ങിയതെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും പുണ്ടോള്‍ ഗാലറി അധികൃതര്‍ പറഞ്ഞു.