അയോധ്യ രാമക്ഷേത്രത്തിന് പ്രതിഷ്ഠാ ദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ക്ഷേത്രത്തിലെ രാമ വിഗ്രഹത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. വ്യാഴാഴ്ച രാവിലെ ശ്രീകോവിലിനുള്ളില്‍ സ്ഥാപിച്ച വിഗ്രഹത്തിന്റെ ചിത്രമാണ് പുറത്തുവന്നത്. വെള്ള തുണികൊണ്ട് മൂടിയ നിലയിലാണ് രാമവിഗ്രഹം.
മൈസൂര്‍ ആസ്ഥാനമായുള്ള ശില്‍പി അരുണ്‍ യോഗിരാജ് രൂപകല്‍പന ചെയ്ത 51 ഇഞ്ച് വിഗ്രഹം വ്യാഴാഴ്ച പുലര്‍ച്ചെയാണ് ക്ഷേത്രത്തിലെത്തിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ രാമ വിഗ്രഹം ശ്രീകോവിലില്‍ സ്ഥാപിച്ചതായി പുരോഹിതന്‍ അരുണ്‍ ദീക്ഷിത് അറിയിച്ചു. മുഴുവന്‍ ജനങ്ങളുടെയും ക്ഷേമത്തിനും, രാജ്യത്തിന്റെ ക്ഷേമത്തിനും, മനുഷ്യരാശിയുടെ ക്ഷേമത്തിനും, കൂടാതെ ഈ പ്രവര്‍ത്തനത്തിന് സംഭാവന നല്‍കിയവര്‍ക്കും വേണ്ടിയാണ് ശ്രീരാമന്റെ പ്രതിഷ്ഠ നടത്തുന്നത് എന്നതാണ് പ്രധാന സങ്കല്‍പ്പത്തിന് പിന്നിലെ ആശയം. 'ഇതുകൂടാതെ, മറ്റ് ആചാരങ്ങളും നടത്തി. ബ്രാഹ്‌മണര്‍ക്ക് ' വസ്ത്രങ്ങള്‍ ' നല്‍കുകയും ഓരോരുത്തര്‍ക്കും ജോലികള്‍ നല്‍കുകയും ചെയ്തു,' അദ്ദേഹം പറഞ്ഞു.
ജനുവരി 22- ന് നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. തൊട്ടടുത്ത ദിവസം തന്നെ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിഷ്ഠാ ദിനം ദീപാവലി പോലെ മണ്‍വിളക്കുകള്‍ കത്തിച്ചും പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ടും ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.