പ്രായപൂര്‍ത്തിയാകാത്ത 17-ഓളം പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തി; നിഥാരി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതിയെ കോടതി വെറുതെവിട്ടു

പ്രായപൂര്‍ത്തിയാകാത്ത പതിനേഴോളം പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിഥാരി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി സുരേന്ദ്ര കോലിയെ കോടതി വെറുതെവിട്ടു.

author-image
Web Desk
New Update
പ്രായപൂര്‍ത്തിയാകാത്ത 17-ഓളം പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തി; നിഥാരി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതിയെ കോടതി വെറുതെവിട്ടു

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പതിനേഴോളം പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിഥാരി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി സുരേന്ദ്ര കോലിയെ കോടതി വെറുതെവിട്ടു.

വിചാരണകോടതി വധശിക്ഷ വിധിച്ച 12 കേസുകളിലാണ് സുരേന്ദ്ര കോലിയെ അലഹാബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. കേസിലെ മറ്റൊരുപ്രതിയായ മൊനീന്ദര്‍ സിങ് പാന്ഥറിനെ രണ്ടുകേസുകളില്‍നിന്നും ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഈ കേസുകളില്‍ മൊനീന്ദര്‍ സിങ്ങിനും വിചാരണ കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു.

2005 മുതല്‍ 2006 വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസാണ് നിഥാരി കൂട്ടക്കൊല. 2006 ഡിസംബറില്‍ നിഥാരിയിലെ അഴുക്കുചാലില്‍നിന്ന് 17-ഓളം കുട്ടികളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതോടെയാണ് കൂട്ടക്കൊല പുറത്തറിഞ്ഞത്.

ചോക്ലേറ്റും മിഠായികളും നല്‍കി കുട്ടികളെ വീട്ടിലേക്ക് കൊണ്ടുവന്ന സുരേന്ദ്ര കോലി ഇവരെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതായി അന്വേഷത്തില്‍ കണ്ടെത്തി. കുട്ടികളുടെ മൃതദേഹങ്ങളില്‍ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയതായും മൃതദേഹാവശിഷ്ടങ്ങള്‍ ഭക്ഷിച്ചതായും പൊലീസ് പറഞ്ഞിരുന്നു.

കൃത്യം നടത്തിയ ശേഷം മൃതദേഹാവശിഷ്ടങ്ങളും അസ്ഥികളും വീടിന് പിറകിലെ കുഴിയിലാണ് പ്രതികള്‍ ഉപേക്ഷിച്ചിരുന്നത്. കോലിയുടെ തൊഴിലുടമയായ മൊനീന്ദര്‍ സിങ് പാന്ഥര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

നിഥാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കൊലപാതകം, ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. കൂട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് വിചാരണകോടതി വധശിക്ഷയും വിധിച്ചിരുന്നു. 2014 സെപ്റ്റംബര്‍ എട്ടിന് സുരേന്ദ്ര കോലിയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങിയെങ്കിലും ശിക്ഷ നടപ്പാക്കുന്നതിന് ഒന്നരമണിക്കൂര്‍ മുന്‍പ് ഇത് റദ്ദാക്കി സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.

 

Latest News Verdict Nithari killings nithari Allahabad HC highcourt