ലോകം നടുങ്ങിയ സുനാമി ദുരന്തത്തിന് 19 വയസ്...

ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന് 19 വയസ്. 2004 ഡിസംബര്‍ 26 ന് ഉണ്ടായ സുനാമി ദുരന്തത്തിൽ ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളില്‍ നിന്നായി രണ്ടര ലക്ഷം പേർക്കാണ് ജീവൻ നഷ്ടമായത്.

author-image
Greeshma Rakesh
New Update
ലോകം നടുങ്ങിയ  സുനാമി ദുരന്തത്തിന് 19 വയസ്...

തിരുവനന്തപുരം: ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന് 19 വയസ്. 2004 ഡിസംബര്‍ 26 ന് ഉണ്ടായ സുനാമി ദുരന്തത്തിൽ ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളില്‍ നിന്നായി രണ്ടര ലക്ഷം പേർക്കാണ് ജീവൻ നഷ്ടമായത്. കേരള തീരങ്ങളെ അടക്കം തുടച്ചുമാറ്റിയ ഭീമൻ തിരമാലകളെ ഇന്നും ജനങ്ങൾ ഓർക്കുന്നത് ഭയത്തോടെയും വേദനയോടെയുമാണ്.

2004 ഡിസംബര്‍ 26ന് പ്രാദേശിക സമയം 7.59നാണ് മരണ തിരമാലകള്‍ക്ക് രൂപം കൊടുത്ത ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ ഏഴുമണിക്കൂറിനുള്ളില്‍ കിഴക്കന്‍ ആഫ്രിക്ക വരെ എത്തിയ സുനാമിത്തിരകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെമ്പാടും വിതച്ചത് വൻ നാശമാണ്.

ഏറ്റവും അധികം നാശനഷ്ടങ്ങള്‍ ഉണ്ടായത് ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ്. ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, ആന്ധ്രാ, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ തീരങ്ങളിലാണ് സുനാമി തിരകള്‍ ആഞ്ഞടിച്ചത്.

ഇവിടങ്ങളിലായി ഭീമൻ തിരകൾ കവർന്നത് 16,000 ജീവനുകളാണ്. സുനാമി തിരകള്‍ തകര്‍ത്ത തീരങ്ങളെ വീണ്ടെടുക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട പ്രയ്തനങ്ങള്‍ വേണ്ടി വന്നു. ലോകം ക്രിസ്മസ് ആഘോഷങ്ങളില്‍ നില്‍ക്കവേയാണ് വടക്കന്‍ സുമാത്രയില്‍ കടലിനടിയിലുണ്ടായ ഭൂകമ്പം ലോകത്തെ മാറ്റിമറിച്ചത്.

കേരളത്തില്‍ 236 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഏറ്റവും വലിയ നാശനഷ്ടമുണ്ടായത് കൊല്ലം , ആലപ്പുഴ ജില്ലകളിലാണ്. ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ട് കിലോമീറ്റര്‍ ദൂരം തീരം കടലെടുത്തു. കേരളത്തില്‍ മാത്രം തകർന്നത് 3000 വീടുകള്‍.

തമിഴ്‌നാട്ടില്‍ മാത്രം 7000 മരണം. എന്നാൽ സുനാമിയുടെ തീവ്രത ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടി വന്നത് ഇന്തോനേഷ്യയായിരുന്നു. 1,67,000 പേര്‍ മരിച്ചെന്നും അഞ്ചു ലക്ഷത്തിലധികം വീടുകള്‍ തകര്‍ന്നുവെന്നുമാണ് കണക്കുകള്‍.

india 2004 tsunami disaster tsunami