ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനിൽ ബിജെപിയ്ക്ക് തിരിച്ചടി. ബിജെപി നേതാവ് രാഹുൽ കസ്വാൻ എംപി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ചുരുവിൽ നിന്നുള്ള ലോക്സഭ എംപി രാഹുൽ കസ്വാനാണ് ബിജെപി വിട്ടത്. രാഷ്ട്രീയ കാരണങ്ങളാൽ ബിജെപിയിൽ നിന്നും എംപി സ്ഥാനത്തുനിന്നും രാജിവയ്ക്കുന്നതായി രാഹുൽ എക്‌സിലൂടെ അറിയിച്ചു.
''10 വർഷം ചുരു ലോക്‌സഭാ കുടുംബത്തെ സേവിക്കാൻ അവസരം നൽകിയ ഭാരതീയ ജനതാ പാർട്ടിക്കും ദേശീയ അധ്യക്ഷൻ ശ്രീ ജെ പി നദ്ദയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാ ജിക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു''- കസ്വാൻ കുറിച്ചു.
ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് രാജി. കഴിഞ്ഞ പത്ത് വർഷമായി ചാരു മണ്ഡലത്തിലെ ബിജെപി എംപിയാണ് രാഹുൽ കസ്വാൻ. 2004, 2009 വർഷങ്ങളിൽ രാഹുലിന്റെ പിതാവ് റാം സിംഗ് കസ്വാനായിരുന്നു മണ്ധലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2014 ലും 2019 ലും മകൻ രാഹുൽ കസ്വാൻ എംപിയായി. സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കോൺഗ്രസ് സീറ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നാണ് വിവരം.