തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. എട്ടു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ എട്ടു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുള്ളത്. ഉച്ചയ്ക്ക് ശേഷം ഇടിയോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
അറബിക്കടലിൽ തേജ് അതി ശക്ത ചുഴലിക്കാറ്റായി മാറിയതും, ബംഗാൾ ഉൾക്കടലിൽ ഹമൂൺ ചുഴലിക്കാറ്റ് രൂപപ്പെട്ടതും, കന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് കേരളത്തിൽ പരക്കെ മഴയ്ക്ക് കാരണമായത്.
ഇതിനിടെ, കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) 23-10-2023ന് രാത്രി 11.30 വരെ 1.0 മുതൽ 3.0 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് (കുളച്ചൽ മുതൽ കിലക്കരൈ വരെ) 23-10-2023ന് രാത്രി 11.30 വരെ 1.2 മുതൽ 3.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക
1. കടൽക്ഷോഭം രൂക്ഷമാകാനുള്ള സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശാനുസരണം അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.