Vathil movie review | തുറക്കാത്ത വാതിലുകളും ജീവിതത്തിന്റെ ശരിതെറ്റുകളും; വിനയ് ഫോര്‍ട്ടും അനു സിത്താരയും തിളങ്ങി

ഡെനി എന്ന ഇന്റീരിയര്‍ ഡിസൈന്‍ കമ്പനി ഉടമയായി വേഷമിട്ട വിനയ് ഫോര്‍ട്ട് കഥാപാത്രത്തിന്റെ ആഴവും പരപ്പും സൂക്ഷ്മ മുഖഭാവത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചു. ഡെനിയുടെ ഭാര്യയായാണ് അനു സിത്താര എത്തുന്നത്.

author-image
Web Desk
New Update
Vathil movie review | തുറക്കാത്ത വാതിലുകളും ജീവിതത്തിന്റെ ശരിതെറ്റുകളും; വിനയ് ഫോര്‍ട്ടും അനു സിത്താരയും തിളങ്ങി

മിദിലാജ് റഷീദ്

സര്‍ജു രമാകാന്ത് സംവിധാനം ചെയ്ത് വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിന്‍ ഫിലിപ്പ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ വാതില്‍ തിയേറ്ററുകളില്‍ എത്തി. ദാമ്പത്യ ജീവിതത്തിന്റെ ഇരുട്ടും വെളിച്ചവും തുറന്ന് കാട്ടുന്ന സിനിമയെ ഒരു മുന്നറിയിപ്പെന്നോ, ഓര്‍മപ്പെടുത്തലെന്നോ വിശേഷിപ്പിക്കാം. ഭാര്യഭര്‍തൃ ബന്ധത്തിന്റെ കഥ പറയുന്ന വാതിലിന്റെ പ്രധാന ആകര്‍ഷണം വിനയ് ഫോര്‍ട്ടിന്റെയും അനു സിതാരയുടെയും തന്മയത്വത്തോടെയുള്ള അഭിനയം തന്നെയാണ്. ഡെനി എന്ന ഇന്റീരിയര്‍ ഡിസൈന്‍ കമ്പനി ഉടമയായി വേഷമിട്ട വിനയ് ഫോര്‍ട്ട് കഥാപാത്രത്തിന്റെ ആഴവും പരപ്പും സൂക്ഷ്മ മുഖഭാവത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചു. ഡെനിയുടെ ഭാര്യയായാണ് അനു സിത്താര എത്തുന്നത്.

സമൂഹജീവികളായ മനുഷ്യരില്‍ സ്വാഭാവികമായും വന്ന് പോകാവുന്ന സാഹചര്യങ്ങളെ, അതിന്റെ പ്രത്യാഘാതങ്ങളെ, വളരെ മനോഹരമായി സംവിധായകന്‍ സിനിമയില്‍ വരച്ചിടുന്നുണ്ട്. ദമ്പതികളായ ഡെനിയുടെയും തനിയുടെയും ജീവിതം കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോക്ക്. ഇവരുടെ ജീവിതത്തില്‍ വന്ന് കൂടുന്ന അപ്രതീക്ഷിത പ്രതിസന്ധിയും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവും അതിജീവനവുമാണ് കഥാതന്തു.

പ്രേക്ഷകര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കുറെയധികം രംഗങ്ങളും സംഭാഷണങ്ങളുമായി മുന്നോട്ട് പോകുന്നതാണ് സിനിമയുടെ ആദ്യ പകുതി. എവിടെയൊക്കെയോ കണ്ട് മറന്ന കഥ സിനിമ ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും അത് വളരെ മികച്ച രീതിയില്‍ കെട്ടിപ്പടുത്ത്, തീര്‍ത്തും പുതിയ അനുഭവം സമ്മാനിക്കാന്‍ സംവിധായകന്‍ സര്‍ജു രമാകാന്തിന് കഴിഞ്ഞു. സിനിമയിലെ രംഗങ്ങള്‍ ഒട്ടും തന്നെ അനാവശ്യ വലിച്ചുനീട്ടലായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടാതിരിക്കാന്‍ സംവിധായാകന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ഷഹബാസ് അമന്റെ ആലാപനത്തില്‍ ജീവിതമെന്ന തമാശ എന്ന ഗാനവും ആദ്യ പകുതിയുടെ ആസ്വാദനം മികച്ചതാക്കുന്നു. വിനായക് ശശികുമാര്‍, സെജോ ജോണ്‍ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സിനിമയില്‍ മൂന്ന് ഗാനങ്ങളാണ് ഉള്ളത്.

ചിത്രം മുന്നോട്ടുവയ്ക്കുന്ന ആശയത്തിന്റെ കാതല്‍ രണ്ടാം പകുതിയിലാകും പ്രേക്ഷകരിലേക്ക് പൂര്‍ണമായി എത്തുക. ഉല്ലാസത്തില്‍ പോകുന്ന ആദ്യ പകുതിയില്‍ നിന്ന് രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ രംഗം കൂടുതല്‍ ഉദ്വേഗഭരിതമാകുന്നു. വിനയ് ഫോര്‍ട്ടിന്റെ അഭിനയ മികവ് തന്നെയാണ് രണ്ടാം പകുതിയുടെ നട്ടെല്ല്. കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷം വിനയ്‌ഫോര്‍ട്ടിന്റെ സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരിലേക്ക് എളുപ്പം ഇറങ്ങിച്ചെല്ലും. സംഘര്‍ഷഭരിത രംഗങ്ങള്‍ മികച്ചതാക്കുന്നതില്‍ പശ്ചാത്തല സംഗീതവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ആശയാവിഷ്‌കാരത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി പുതിയ ചില പരീക്ഷണങ്ങളും ഷംനാദ് ഷബീര്‍ എന്ന തിരക്കഥാകൃത്ത് സിനിമയില്‍ നടത്തിയിട്ടുണ്ട്. പ്രേക്ഷകരില്‍ ചിലര്‍ക്ക് ഇത് കല്ലുകടിയായി തോന്നിക്കിയേക്കാം. എന്നാല്‍, നാം അനുഭവിക്കാത്ത ജീവിതങ്ങളൊക്കെയും നമുക്ക് കേട്ടുകഥകളായി തോന്നും എന്ന സാഹിത്യ വര്‍ണന തിരക്കഥാകൃത്തിന് കടമെടുക്കാം. ഒരു പരിധി വരെ പ്രവചിക്കാന്‍ കഴിയുന്ന കഥാരംഗങ്ങളില്‍, അപ്രതീക്ഷിതമായത് സംവിധായകന്റെ ഈ പരീക്ഷണ രംഗങ്ങള്‍ തന്നെയാണ്.

കലങ്ങിതെളിഞ്ഞ് ശുഭപര്യവസായിയാകുന്ന സിനിമ, ശരി തെറ്റുകളുടെ നിര്‍വചനം ആവശ്യപ്പെടുന്ന ചില ചോദ്യങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്. ജീവിതത്തില്‍ ശരി തെറ്റുകള്‍ ആപേക്ഷികമാണ് എന്നതിനാല്‍ സംവിധായകന്‍ പറയാതെ ബാക്കി വച്ച ആ ഉത്തരങ്ങള്‍ തീര്‍ത്തും സംവാദവിധേയമാണ്. അത്തരം സംവാദങ്ങള്‍ക്ക് സിനിമ വഴി തുറക്കുന്നുമുണ്ട്.

സിനിമയുടെ ടാഗ് ലൈന്‍ സൂചിപ്പിക്കുന്നതു പോലെ ഹോള്‍ഡ് ഇറ്റ് ടൈറ്റ് എന്ന ആശയം തന്നെയാണ് ആത്യന്തികമായി മുന്നോട്ടുവയ്ക്കുന്നത്. ഈ ആശയം അതിന്റെ മുഴുവന്‍ തീവ്രതയിലും ആവിഷ്‌കരിക്കാന്‍ സംവിധായാകന് കഴിഞ്ഞിട്ടുണ്ട്. ചില വാതിലുകള്‍ അടച്ചിടുന്നതാണ് നല്ലത് എന്ന പൗലോ കൊയ്ലോ വാക്യവും സിനിമയോട് ചേര്‍ത്ത് വയ്ക്കാവുന്നതാണ്.

സ്പാര്‍ക്ക് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിര്‍മ്മിച്ച ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി കെ ബൈജു, അഞ്ജലി നായര്‍, സ്മിനു എന്നിവരും വേഷമിടുന്നുണ്ട്.

മനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോണ്‍കുട്ടിയാണ് എഡിറ്റര്‍.

 

vathil movie malayalam movie movie reveiw