തിരുവനന്തപുരം: മാറുന്ന കാലത്തെ ചുറ്റിപ്പറ്റി ആയിരിക്കും തന്റെ അടുത്ത ചലച്ചിത്രമെന്ന് വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി. 'എന്റെ മനസ്സിലുള്ള പ്രമേയം കാലത്തെ കുറിച്ചുള്ളതാണ്. കാലത്തെക്കുറിച്ചുള്ള ബോധ്യം മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ ബുദ്ധി പറയുന്നതുപോലെ സമയം എന്നത് തീര്‍പ്പായ സംഗതിയല്ല, മറിച്ചു ആപേക്ഷികമാണ്.
പ്രപഞ്ചത്തിന് ഭാവിയുണ്ടെന്നു ക്വാണ്ടം ഫിസിക്‌സ് പറയുന്നു. ഭാവിയെക്കുറിച്ച് എന്തെങ്കിലും ഉള്‍വിളിയോ ധാരണയോ ഉള്ള ഏതെങ്കിലും വ്യക്തി ചിലപ്പോള്‍ കാണുമായിരിക്കും. നാം കരുതിയതിനേക്കാള്‍ നിഗൂഢമാണ് പ്രപഞ്ചം. പ്രപഞ്ചത്തിന്റെ നിഗൂഢത അംഗീകരിക്കുന്നവരാണ് ഇന്നത്തെ പുരോഗമന മനുഷ്യര്‍.
കാലവും ജീവിതവും ഉള്‍ക്കൊള്ളുന്ന നിഗൂഢതയുടെ അംശങ്ങള്‍ പേറുന്ന പ്രമേയമാണ് മനസ്സിലുള്ളത്,' 28-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അവസാന ദിനം 'മാസ്റ്റര്‍ ക്ലാസ്സ്' സെഷനില്‍ സംസാരിക്കവേ, 40 ലേറെ ഫീച്ചര്‍, ഹ്രസ്വ സിനിമകള്‍ സംവിധാനം ചെയ്ത 84-കാരനായ സനൂസി പറഞ്ഞു. സ്‌നേഹമില്ലാതെ ജീവിതത്തിന് ഒരു സാധ്യതയുമില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് കഥ പറച്ചില്‍. കഥ പറയുന്നതില്‍ മാനുഷികത ഉണ്ട്. മൃഗങ്ങള്‍ക്ക് അവരുടെ അപ്പൂപ്പന്‍മാരുടെയോ അമ്മൂമ്മമാരുടെയോ കഥകള്‍ പറയാന്‍ കഴിയില്ല. മനുഷ്യര്‍ക്കേ സാധിക്കുകയുള്ളൂവെന്നുംഅദ്ദേഹം പറഞ്ഞു.