ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനക്കേസില്‍ സീരിയല്‍ താരം രാഹുല്‍ രവിക്ക് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഭാര്യ ലക്ഷ്മി എസ്.നായര്‍ നല്‍കിയ പരാതിയില്‍ രാഹുലിനെതിരെ ചെന്നൈ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ രവി സുപ്രീംകോടതിയെ സമീപിച്ചത്.
രാഹുല്‍ ശാരീരികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ് ലക്ഷ്മി പരാതി നല്‍കിയത്. ഇക്കാര്യം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചെന്നൈ പൊലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടിലുണ്ട്. രാഹുല്‍ ഒരു പെണ്‍കുട്ടിക്കൊപ്പം സ്വന്തം അപാര്‍ട്ട്‌മെന്റിലുണ്ടെന്നു വിവരം ലഭിച്ച ലക്ഷ്മി, 2023 ഏപ്രില്‍ 26 ന് അര്‍ധരാത്രിയില്‍ പൊലീസിനും അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കുമൊപ്പം അവിടെയെത്തിയപ്പോള്‍ രാഹുലിനൊപ്പം ഒരു പെണ്‍കുട്ടിയെ കണ്ടെന്നും ലക്ഷ്മിയെ രാഹുല്‍ മര്‍ദിക്കാറുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.
പ്രണയത്തിലായിരുന്ന രാഹുലും ലക്ഷ്മിയും 2020ലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞതോടെ പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നാണ് ലക്ഷ്മിയുടെ ആരോപണം. എന്നാല്‍ ലക്ഷ്മിക്കു മാനസിക വിഭ്രാന്തി ഉണ്ടെന്ന രാഹുലിന്റെ ആരോപണം മദ്രാസ് ഹൈക്കോടതി തള്ളുകയും നവംബര്‍ 3ന് രാഹുലിന്റെ ജാമ്യം റദ്ദാക്കിയതായും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മോഡലിങ്ങില്‍നിന്ന് അഭിനയ രംഗത്തെത്തിയ രാഹുല്‍ 'പൊന്നമ്പിളി' എന്ന സീരിയലിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. ഇന്ത്യന്‍ പ്രണയകഥ, കാട്ടുമാക്കാന്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 'നന്ദിനി' എന്ന സൂപ്പര്‍ ഹിറ്റ് സീരിയലില്‍ പ്രധാന കഥാപാത്രമായി എത്തി തെന്നിന്ത്യയിലും ശ്രദ്ധേയനായി.