ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനേത്തുടര്‍ന്നുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നടന്‍ ശിവകാര്‍ത്തികേയന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപയുടെ ചെക്ക് തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന് നടന്‍ ശിവകാര്‍ത്തികേയന്‍ കൈമാറി.
മന്ത്രി ഉദയനിധി തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രവും ഉദയനിധി പോസ്റ്റ് ചെയ്തു.
'മിഷോങ് കൊടുങ്കാറ്റിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ നടത്തിവരികയാണ്. നമ്മുടെ സര്‍ക്കാരിന്റെ ഈ ഉദ്യമത്തിന് പിന്തുണയായി നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍, നടനും സഹോദരനുമായ ശിവ കാര്‍ത്തികയേന്‍ ഞങ്ങളെ സന്ദര്‍ശിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് നല്‍കുകയും ചെയ്തു. അദ്ദേഹത്തോടുള്ള സ്‌നേഹവും നന്ദിയും അറിയിക്കുന്നു. നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാക്കുന്ന ദുരിതം തുടച്ചുനീക്കാം.' എന്നും ഉദയനിധി ചിത്രത്തിനൊപ്പം കുറിച്ചു.
കനത്തമഴയെത്തുടര്‍ന്ന് വെള്ളക്കെട്ടിലായ പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സംസ്ഥാനത്തെ സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ തുടങ്ങുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. കനത്തമഴയെ തുടര്‍ന്ന് ചെന്നൈ, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളില്‍ വെള്ളംകയറിയതിനാല്‍ ഈ മാസം നാലുമുതല്‍ ഒന്‍പതുവരെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.
അതേസമയം തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച വെള്ളപ്പൊക്ക ദുരിതാശ്വാസം ഒരാഴ്ചയ്ക്കുള്ളില്‍ 37 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭിക്കും. ഒരു കുടുംബത്തിന് 6000 രൂപവീതമാണ് സഹായം നല്‍കുന്നത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് ജില്ലകളില്‍ പ്രളയം ബാധിച്ചവര്‍ക്കാണ് സഹായം. ചെന്നൈ ജില്ലയിലെ 95 ശതമാനം കുടുംബങ്ങള്‍ക്കും സഹായം ലഭിക്കും. മറ്റു ജില്ലകളില്‍ പകുതിയിലേറെ കുടുംബങ്ങള്‍ക്കും പണം ലഭിക്കും.