സന്ദേശത്തിന്റെ രണ്ടാം ഭാഗം ചെയ്യാത്തതിനു കാരണം, വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ആക്ഷേപ ഹാസ്യ പരമ്പര മറിമായത്തിലെ ടീം അംഗങ്ങളെ അഭിനന്ദിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. പഞ്ചായത്ത് ജെട്ടി എന്ന സിനിമയിലൂടെയാണ് ടീം സിനിമയില്‍ എത്തുന്നത്.

author-image
Web Desk
New Update
സന്ദേശത്തിന്റെ രണ്ടാം ഭാഗം ചെയ്യാത്തതിനു കാരണം, വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ആക്ഷേപ ഹാസ്യ പരമ്പര മറിമായത്തിലെ ടീം അംഗങ്ങളെ അഭിനന്ദിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. പഞ്ചായത്ത് ജെട്ടി എന്ന സിനിമയിലൂടെയാണ് ടീം സിനിമയില്‍ എത്തുന്നത്. സൂപ്പര്‍ ഹിറ്റായ തന്റെ ചിത്രം സന്ദേശത്തിന്റെ രണ്ടാം ഭാഗം ചെയ്യാത്തതിനു കാരണം മറിമായം പരമ്പരയാണെന്ന് മലയാളികളുടെ പ്രിയ സംവിധായകന്‍ പറഞ്ഞു. സാമൂഹ്യ വിഷയങ്ങളെ വിശകലനം ചെയ്ത് ഒരു സിനിമ ചെയ്യാമെന്ന് ശ്രീനിവാസനോട് പറയുമ്പോള്‍, അതിനകം ആ വിഷയം മറിയമായം ടീം ചെയ്തിരിക്കുമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. പഞ്ചായത്ത് ജെട്ടിയുടെ പൂജാ ചടങ്ങിലായിരുന്നു സംവിധായകന്റെ പ്രശംസ.

സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍.

മറിമായം ടീം സിനിമയിലേക്ക് കടന്നുവരുന്നു എന്ന് കേട്ടപ്പോള്‍ തന്നെ വലിയ സന്തോഷം തോന്നി. മറിമായം ടീമിന് അറിയാം ഞാന്‍ അവരുടെ ഒരു ആരാധകനാണ്. പലപ്പോഴും ഇതില്‍ അഭിനയിക്കുന്ന മണികണ്ഠന്‍ അടക്കമുള്ള താരങ്ങളെ ചെറിയ തോതിലൊക്കെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. വിനോദ് കോവൂരിനെ ഞാന്‍ ഫോണ്‍ ചെയ്ത് അഭിനന്ദിച്ച് അങ്ങോട്ട് കയറി പരിചയപ്പെട്ടിട്ടുള്ളതാണ്. പലപ്പോഴും അവരുടെ പ്രകടനങ്ങള്‍ കാണുമ്പോള്‍ അതിശയിച്ചു പോകാറുണ്ട്. അതിലെ ഓരോ കഥാപാത്രങ്ങളെയും നമുക്ക് സുപരിചിതമാണ്. സ്‌നേഹ ഒക്കെ അതിശയകരമായ അഭിനയിക്കുന്നവരാണ്. കഴിഞ്ഞ എപ്പിസോഡ് അടക്കം അതിഗംഭീരമാണ്. അപ്പോള്‍ അങ്ങനെയൊരു ടീം കുറച്ചുകൂടി സജീവമായി സിനിമയിലേക്ക് കടന്നുവരുന്നു എന്നത് സന്തോഷകരമാണ്.

അതിനു ഞാന്‍ ആദ്യം അഭിനന്ദിക്കുന്നത് നിര്‍മാതാവ് സപ്തതരംഗിനെ ആണ്. മറിമായം ടീം തിരഞ്ഞെടുക്കുന്ന വിഷയങ്ങളും അത് അവര്‍ അവതരിപ്പിക്കുന്ന രീതിയുമാണ് പലപ്പോഴും എന്നെ അദ്ഭുതപ്പെടുത്താറുള്ളത്. സന്ദേശത്തിനു ഒരു രണ്ടാം ഭാഗം ഇല്ലാത്തത് എന്താണെന്ന് എല്ലാവരും ചോദിക്കാറുണ്ട്.

32 വര്‍ഷമായി സന്ദേശം ഇറങ്ങിയിട്ട്. പക്ഷേ ആ ധര്‍മ്മം മറിമായം ടീം ചെയ്യാറുണ്ട്. സാമൂഹ്യ വിഷയങ്ങളെ വിശകലനം ചെയ്തു നമുക്കൊരു സിനിമ ചെയ്യണം എന്ന് ശ്രീനിവാസനുമായി ആലോചിക്കുമ്പോഴേക്കും ഇവര്‍ അത് ചെയ്തിരിക്കും. എല്ലാ വിജയത്തിന് പിന്നിലും ശക്തമായ ഒരു സമര്‍പ്പണം വേണം. ഓരോ എപ്പിസോഡും ഓരോ സിനിമയും ആദ്യത്തതാണെന്നുള്ള രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണം അത് മണികണ്ഠനും സലീമിനും അറിയാം അങ്ങനെ തന്നെ ചെയ്യണം എന്ന്. എല്ലാ വിജയത്തിന് പിന്നിലും കഠിനമായ പ്രയത്‌നമുണ്ട്.

മറിമായത്തിലെ എല്ലാവരും നന്നായി പരിശ്രമിക്കുന്നവരാണെന്ന് എനിക്കറിയാം. ഈ സിനിമ ഒരു വലിയ വിജയമാകട്ടെ. മലയാളത്തില്‍ ഈ സിനിമ വലിയൊരു തരംഗമാകട്ടെ എന്ന് ആശംസിക്കുന്നു. സത്യന്‍ അന്തിക്കാട് പറഞ്ഞു.

മറിമായത്തിലെ മണികണ്ഠന്‍ പട്ടാമ്പിയും സലിം ഹസ്സനും ചേര്‍ന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. നടന്‍ സലിം കുമാര്‍ ഒരു ചെറിയ വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

മറിമായത്തിലെ സലിം ഹസ്സന്‍, നിയാസ് ബക്കര്‍, ഉണ്ണിരാജ്, വിനോദ് കോവൂര്‍, മണി ഷൊര്‍ണ്ണൂര്‍, മണികണ്ഠന്‍ പട്ടാമ്പി, രാഘവന്‍, റിയാസ്, സജിന്‍, ശെന്തില്‍, അരുണ്‍ പുനലൂര്‍, ആദിനാട് ശശി, ഉണ്ണി നായര്‍, രചനാ നാരായണന്‍കുട്ടി, സ്‌നേഹാ ശ്രീകുമാര്‍, വീണാ നായര്‍, രശ്മി അനില്‍, കുളപ്പുളി ലീല, സേതുലഷ്മി, ഷൈനി സാറാ, പൗളി വത്സന്‍ എന്നിവരാണ് പഞ്ചായത്ത് ജെട്ടിയില്‍ അഭിനയിക്കുന്നത്.

പഞ്ചവര്‍ണ്ണ തത്ത, ആനക്കള്ളന്‍, ആനന്ദം പരമാനന്ദം, പുലിവാല്‍ കല്യാണം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ സപ്തതരംഗ് ക്രിയേഷന്‍സും ഗോവിന്ദ് ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

sathyan anthikkad malayalam movie movie news marimayam