പാൻ ഇന്ത്യ സൂപ്പർസ്റ്റാർ പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്ത് സലാർ വിജയകരമായി പ്രദർശനം തുടരുന്നു. ഡിസംബർ 22 ന് തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ പുറത്തിറക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൂപ്പർ ഹിറ്റ് റെക്കോർഡുകൾ തകർത്ത് സലർ ഇപ്പോഴും യാത്ര തുടരുകയാണ്.
അതെസമയം ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സലാർ പുറത്തിറങ്ങി നാല് ദിവസം കഴിയുമ്പോൾ 402 കോടിയാണ് ചിത്രം ബോക്സോഫീസിൽ നിന്ന് നേടിയത്.ഇന്ത്യയിൽ നിന്ന് മാത്രമ 254 കോടിയാണ് കളക്ഷൻ.ഓരോ ദിവസം കഴിയുംതോറും ചിത്രത്തിന്റെ കളക്ഷൻ കുതിച്ചുയരുകയാണ്.
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ രണ്ട് ഭാഗങ്ങളിലായിട്ടാണ് എത്തുന്നത്. പ്രഭാസിനൊപ്പം പൃഥ്വിരാജും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. പ്രഭാസിന്റെ കഥാപാത്രമായ ദേവയുടെ അടുത്ത സുഹൃത്തായ വർദരാജ് മാന്നാറായിട്ടാണ് പൃഥ്വി എത്തുന്നത്.
ഇരുവരേയും കൂടാതെ ബോബി സിംഹ, ശ്രിയ റെഡ്ഡി, ഈശ്വരി റാവൂ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ശ്രുതി ഹാസനാണ് നായിക. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.