തിരുവനന്തപുരം: ബുസാൻ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശനത്തിനൊരുങ്ങി മലയാള ചിത്രം പാരഡൈസ് . ന്യൂട്ടൻ സിനിമയും മണിരത്നത്തിന്റെ നേതൃത്വത്തിലുള്ള മദ്രാസ് ടോക്കീസും നിർമ്മിച്ച പാരഡൈസ് മേളയിലെ പ്രധാന പുരസ്കാരമായ കിം ജെസോക്ക് പുരസ്കാരത്തിനും നാമനിർദേശം ചെയ്തിട്ടുണ്ട്.
2022-ൽ ശ്രീലങ്ക നേരിട്ട് സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും അവശ്യവസ്തുക്കളുടെ ദൗർലഭ്യവും അതിനെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭവുമാണ് സിനിമയുടെ പശ്ചാത്തലം. ഇതേ സമയത്ത് ശ്രീലങ്കയിൽ വിവാഹവാർഷികം അഘോഷിക്കാൻ എത്തുന്ന മലയാളി ദമ്പതികൾ നേരിടേണ്ടിവരുന്ന അപ്രതീക്ഷിത സംഭവങ്ങളുടെയും വിചിത്രമായ അനുഭവങ്ങളുടേയും കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർക്കാെപ്പം ശ്രീലങ്കൻ അഭിനേതാക്കളായ ശ്യാം ഫെർണാണ്ടോ, മഹേന്ദ്ര പെരേര തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. രാജീവ് രവിയാണ് ഛായാഗ്രഹകൻ. ശ്രീലങ്കയിൽ നിലനിൽക്കുന്ന വംശീയ ഉച്ചനീചത്വങ്ങളും രാമായണകഥയിൽ പരാമർശിക്കുന്ന ഇടങ്ങളും സിനിമയിലുടനീളം കാണാൻ സാധിക്കും.
മദ്രാസ് ടോക്കീസിന്റെ ആദ്യ മലയാള സംരംഭമാണിത്.ശ്രീലങ്കൻ സംവിധായകനും രാജ്യാന്തര പുരസ്കാര ജേതാവുമായ പ്രസന്ന വിത്താനഗെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.