സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മറികടന്ന് സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോയവരാണോ നിങ്ങള്‍ എങ്കില്‍ ഈ സിനിമ നിങ്ങള്‍ക്കുള്ളതാണ്. ഐടി ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭത്തിന് പിന്നാലെ ഇറങ്ങിത്തിരിച്ചവര്‍.ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് നഷ്ടം നേരിട്ടവര്‍, ഇങ്ങനെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പാഞ്ഞ് നിരാശരായ കൂട്ടുകാരെയോ അല്ലെങ്കില്‍ സ്വയം തന്നെയോ കാണാനാകുന്ന സിനിമയാണ് ജോര്‍ജ്ജ് കോര എഴുതി സംവിധാനം ചെയ്ത 'തോല്‍വി എഫ്‌സി'.
നമ്മള്‍ കണ്ടിട്ടുള്ള, അല്ലെങ്കില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതവുമായി കണക്ട് ചെയ്യാന്‍ പറ്റുന്ന മനോഹരമായ സിനിമയാണ് തോല്‍വി എഫ്‌സി.ഉമ്മന്‍, കുരുവിള, തമ്പി, ശോശ, അല്‍ത്താഫ്, മറിയം, അബു, റിസ്വാന്‍, ടുട്ടു, അപ്പു തുടങ്ങി സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഈ കണക്ഷന്‍ പ്രേക്ഷകര്‍ക്ക് തരുന്നുണ്ട്.നര്‍മത്തില്‍ ചാലിച്ച ജീവിതഗന്ധിയായ ചിത്രമാണ് തോല്‍വി എഫ്‌സി എന്ന് പറയാം. നമ്മുടെ തന്നെ കുടുംബത്തേയോ അയലത്തെ കുടുംബത്തേയോ ഒരു വേള വെള്ളിത്തിരയില്‍ കണ്ടൊരു ഫീലിംഗ് ആണ് സിനിമ തരുന്നത്.
വിക്ടറി വില്ല എന്ന വീട്. അവിടെ കുരുവിളയും ഭാര്യ ശോശയും. തങ്ങളുടെ സ്വപ്നങ്ങളുടെ പിന്നാലെ പോകുന്ന രണ്ടുമക്കള്‍. ഒരാള്‍ ബാംഗ്ലൂരിലെ ഐടി ജോലി വിട്ട് കോഫി ഷോപ്പ് നടത്തുന്നു.രണ്ടാമന്‍ കുട്ടികളെ ഫുട്‌ബോള്‍ പഠിപ്പിക്കുന്നു.
കുരുവിള ക്രിപ്‌റ്റോ കറന്‍സിയില്‍ പൈസ നിക്ഷേപിച്ച് നഷ്ടം വരുത്തുന്നു. ലൈബ്രേറിയനായ ശോശ താനെഴുതിയ ഒരു സൈക്കോ നോവല്‍ പ്രസിദ്ധീകരിക്കാനുള്ള കാത്തിരിപ്പിലാണ്. ഇവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന മറിയം, അബു, ഷെര്‍മിന്‍, അല്‍ത്താഫ്, അപ്പു തുടങ്ങിയ ചില കഥാപാത്രങ്ങളും, തുടര്‍ന്നുള്ള സംഭവങ്ങളുമായി ചിരിയും ചിന്തയും ഇടകലര്‍ത്തിയാണ് സിനിമ മുന്നോട്ട് പോകുന്നത്.
നാലുപേര്‍ക്കും ജീവിതം മുഴുവന്‍ തോല്‍വിയാണെങ്കിലും പരിശ്രമം അവര്‍ തുടരുന്നു.ക്രിപ്‌റ്റോ കറന്‍സിയില്‍ ലക്ഷങ്ങള്‍ നഷ്ടമാക്കിയ ഭര്‍ത്താവ് കുരുവിളയെ ഒരു ദിവസം ശോശ വീട്ടില്‍ നിന്നും പുറത്താക്കുന്നു. എവിടേയും പോകാനില്ലാത്ത കുരുവിള ഒടുക്കം താന്‍ തന്നെ വീട്ടില്‍ നിന്ന് ഇറക്കി വിട്ട, ഐടി ജോലി വിട്ട് കോഫിഷോപ്പ് തുടങ്ങിയ മകന്റെയടുത്തെത്തുന്നു.
ജീവിതത്തില്‍ തോല്‍വിയും നഷ്ടങ്ങളും തുടര്‍ച്ചയായി അനുഭവിക്കുന്നവര്‍ക്ക് പ്രതീക്ഷ കൂടി നല്‍കുന്നുണ്ട് സിനിമ.
പരിശ്രമിക്കുന്നതുകൊണ്ടാണ് തോറ്റുപോകുന്നതെന്നും തോല്‍വിയും ജയവും പരിശ്രമിക്കുന്നവര്‍ക്ക് മാത്രമാണെന്നും സംവിധായകന്‍ പറഞ്ഞുവയ്ക്കുന്നു.
കൂടാതെ, കുട്ടികളിലെ അമിത മൊബൈല്‍ ഉപയോഗം, മാതാപിതാക്കളുടെ അശ്രദ്ധ , കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ചിത്രം നല്ല രീതിയില്‍ അവതരിപ്പിക്കുന്നു.തനിക്ക് ലഭിച്ച വേഷം ഷറഫുദ്ദീന്‍ ഗംഭീരമായി പകര്‍ന്നാടി.
കുരുവിളയെ അവതരിപ്പിച്ച ജോണി ആന്റണിയും തമ്പിയായെത്തിയ ജോര്‍ജ്ജും ശോശയായെത്തിയ ആശ മഠത്തിലും മറിയമായെത്തിയ മീനാക്ഷി രവീന്ദ്രനുമൊക്കെ ഹൃദയം തൊടുന്ന അഭിനയമാണ് കാഴ്ചവെച്ചത്.കുടുംബ പ്രേക്ഷകര്‍ക്കും യുവജനങ്ങള്‍ക്കും ആസ്വദിച്ച് കാണാവുന്ന ചെറിയൊരു സിനിമയാണ് തോല്‍വി എഫ് സി എന്നത് തീര്‍ച്ച.