തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നു.അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സംവിധായകന്‍ വിനയന്‍ വ്യക്തമാക്കി.അല്ലാത്തപക്ഷം കോടതിയെ സമീപിക്കാനാണ് നീക്കം. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന ജൂറി അംഗം നേമം പുഷ്പരാജിന്റെ ഓഡിയോ സന്ദേശം വിനയന്‍ തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു. ഈ ശബ്ദ രേഖയടക്കം കോടതിയില്‍ ഹാജരാക്കാനാണ് നീക്കം.
2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ തീരുമാനിച്ച അന്തിമ ജൂറിയിലെ അംഗവും, പ്രാഥമിക ജൂറി ചെയര്‍മാനുമായ നേമം പുഴ്ചപരാജിന്റെ ഓഡിയോ സന്ദേശമാണ് സംവിധായകന്‍ വിനയന്‍ കഴിഞ്ഞദിവസം പുറത്തുവിട്ടത്. പത്തൊന്‍പതാം നൂറ്റാണ്ടിനെ ജൂറി അംഗങ്ങള്‍ ബാഹ്യസമ്മര്‍ദ്ദത്താല്‍ എതിര്‍ത്തെന്നാണ് ഓഡിയോ സന്ദേശത്തില്‍ നേമം പുഷ്പരാജ് പറയുന്നത്. മാത്രമല്ല ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ രഞ്ജിത്തിന് യോഗ്യതയില്ലെന്നും ഓഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്.
ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടതിന് തെളിവുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് ജൂറി അംഗത്തിന്റെ തന്നെ ഓഡിയോ സന്ദേശം വിനയന്‍ പുറത്തുവിട്ടത്. പല അവാര്‍ഡുകള്‍ക്കും പത്തൊന്‍പതാം നൂറ്റാണ്ടിനെ പരിഗണിച്ചെങ്കിലും ചിത്രത്തെ ഒഴിവാക്കാന്‍ രഞ്ജിത്ത് ശ്രമിച്ചു എന്നാണ് വിനയന്റെ ആരോപണം.
പത്തൊന്‍പതാം നൂറ്റാണ്ട് തല്ലിപ്പൊളി ചിത്രമെന്ന് പറഞ്ഞ് ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിച്ചു. ജൂറി അംഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമം നടത്തി. അവസാനം മൂന്ന് അവാര്‍ഡ് ചിത്രത്തിന് കിട്ടിയപ്പോഴും അവാര്‍ഡ് നിര്‍ണയം തിരുത്താനും രഞ്ജിത്ത് ഇടപെട്ടെന്നായിരുന്നു വിനയന്റെ ആരോപണം.
വിവാദം സാമൂഹ്യമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായെങ്കിലും ഇതുവരെയും ചലച്ചിത്ര അക്കാദമിയോ, രഞ്ജിത്തോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അതെസമയം വിവാദം ശക്തമാകുമ്പോഴും അവാര്‍ഡ് നിര്‍ണയം പൂര്‍ണമായും ജൂറി തീരുമാനമാണ് എന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ജൂറി അംഗത്തിന്റെ തന്നെ വെളിപ്പെടുത്തല്‍ പുറത്തുന്നതോടെ സര്‍ക്കാരിനും പ്രതികരിക്കാരിക്കാതിരിക്കാനാകില്ല.