കൊച്ചി: നടന്‍ ഭീമന്‍ രഘുവിനെതിരെ സംവിധായകന്‍ രഞ്ജിത്ത്. മസില്‍ ഉണ്ടെന്നേയുള്ളൂ. അയാള്‍ സിനിമയിലെ ഒരു കോമാളിയാണെന്നും രഞ്ജിത്ത് പറഞ്ഞു. സംസ്ഥാന പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ നടന്‍ ഭീമന്‍ രഘു എഴുന്നേറ്റ് നിന്ന സംഭവത്തിലായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ച് അവസാനിക്കുന്നത് വരെ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ഭീമന്‍ രഘു ഒരേ നില്‍പ്പ് നില്‍ക്കുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
'ഭീമന്‍ രഘു സിനിമയിലെ ഒരു കോമാളിയാണ്. മസില്‍ ഉണ്ടെന്നേയുള്ളു. ഞങ്ങളൊക്കെ എത്ര കാലമായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനാണ്. മണ്ടനാ. എന്നാല്‍ മുഖ്യമന്ത്രി അത് മൈന്‍ഡ് ചെയ്തില്ല,' എന്ന് രഞ്ജിത്ത് പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് രഞ്ജിത്തിന്റെ പ്രതികരണം. ഭീമന്‍ രഘുവിന്റെ പ്രവര്‍ത്തിയോട് ഒരു വിധത്തിലും പ്രതികരിച്ചില്ല എന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് തനിക്ക് ഏറെ ബഹുമാനം തോന്നിയെന്നും രഞ്ജിത്ത് പറഞ്ഞു.
സിനിമകള്‍ക്ക് സമൂഹത്തെയും ആളുകളെയും സ്വാധീനിക്കാന്‍ കഴിയില്ല. മറിച്ച് ചിന്തിക്കുന്നവര്‍ വിഡ്ഢികളാണ്. നരസിംഹത്തില്‍ നായകനായ മോഹന്‍ലാലിനെ തിയേറ്ററിന് പുറത്ത് അനുകരിക്കുന്നവര്‍ വിഡ്ഢികളാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം രാജ്യാന്തര ചലച്ചിത്രമേളയില്‍ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം പ്രദര്‍ശിപ്പിക്കവെയുണ്ടായ പ്രശ്നങ്ങളിലും അദ്ദേഹം പ്രതികരിച്ചു. അന്ന് തനിക്കെതിരെ പ്ലാന്‍ ചെയ്ത് പ്രശ്നം ഉണ്ടാക്കുകയായിരുന്നു. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് ലഭിച്ചു. തൃശൂര്‍ പശ്ചാത്തലമായൊരു ഓപ്പറേഷനായിരുന്നു അതെന്നും രഞ്ജിത്ത് വ്യക്തമാക്കി.
റിവ്യൂ ബോംബിങ് വിഷയത്തിലും രഞ്ജിത്ത് പ്രതികരിച്ചു. റിവ്യൂ കൊണ്ട് മാത്രം സിനിമയെ വിജയിപ്പിക്കാനും പരാജയപ്പെടുത്താനും കഴിയില്ല. അല്ലാതെയുള്ള പ്രതികരണങ്ങളെല്ലാം വെറും ന്യായം കണ്ടെത്തുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.