തിരുവനന്തപുരം: വിവിധ തരത്തിലുള്ള അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും ചേര്‍ന്നതാണ് ഇന്ത്യയിലെ ജനാധിപത്യമെന്ന് സമാപന ചടങ്ങില്‍ മുഖ്യാതിഥിയായ പ്രകാശ് രാജ് പറഞ്ഞു. പാര്‍ലമെന്റ് ആക്രമണം, മണിപ്പൂര്‍ വിഷയങ്ങളിലും അത് പ്രകടമാണ്.
ദൈവത്തിന്റെ സ്വന്തം നാടായ കേരളം ദൈവത്തെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നുണ്ട്. സംശുദ്ധ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനേയും എഴുത്തുകാരേയും തത്വചിന്തകരേയും കുറിച്ച് അഭിമാനമുണ്ടെന്നും ലോകസിനിമയുടെ നാനാവശങ്ങള്‍ യുവാക്കളിലേക്കെത്തിക്കുന്നതില്‍ മേള വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ക്യൂബയില്‍നിന്നുള്ള പ്രതിനിധിസംഘത്തിലുള്‍പ്പെട്ട സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവരേയും ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് സുവര്‍ണചകോരവും രജതചകോരവും, നെറ്റ് പാക്, ഫിപ്രസി, കെ.ആര്‍. മോഹനന്‍ അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിച്ചു.ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, ഡയറക്ടര്‍ എന്‍ മായ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, ക്യൂറേറ്റര്‍ ഗോള്‍ഡാ സെല്ലം, പോര്‍ച്ചുഗീസ് സംവിധായികയും ജൂറി ചെയര്‍പേഴ്സണുമായ റീത്ത അസവെദോ ഗോമസ്, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ഫെസ്റ്റിവല്‍ ഡപ്യൂട്ടി ഡയറക്ടര്‍ എച്ച് ഷാജി, സെക്രട്ടറി സി. അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.കര്‍ണാട്ടിക്, ഫോക്, സിനിമാറ്റിക് മ്യൂസിക് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള 'വിന്‍ഡ് ഓഫ് റിഥം' എന്ന സംഗീതപരിപാടിയും അരങ്ങേറി.