ഡേവിഡ് കോപ്പിന്റെ തിരക്കഥയില്‍ ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസിയില്‍ പുതിയ ചിത്രം നിര്‍മ്മിക്കാനൊരുങ്ങുന്നു. വ്യത്യസ്തമായ സ്റ്റോറിലൈന്‍ ആയിരിക്കും വരാനിരിക്കുന്ന ചിത്രത്തിന് ഉണ്ടായിരിക്കുക. മൈക്കല്‍ ക്രിക്റ്റണിന്റെ ജനപ്രിയ നോവലിനെ ആസ്പദമാക്കിയുള്ള 1993ലെ ജുറാസിക് പാര്‍ക്കും 1997ലെ സീക്വല്‍ 'ദി ലോസ്റ്റ് വേള്‍ഡ്: ജുറാസിക് പാര്‍ക്കും' ഡേവിഡ് കോപ്പിന്റെ തിരക്കഥയില്‍ പുറത്തുവന്ന ചിത്രമാണ്.
2018ലെ 'ജുറാസിക് വേള്‍ഡ് ഫാളെന്‍ കിങ്ഡം' നിര്‍മ്മിച്ച പാട്രിക് ക്രോളിയാണ് പുതിയ ചിത്രവും നിര്‍മ്മിക്കുക. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ആംബ്ലിന്‍ എന്റര്‍ടെയ്ന്‍മെന്റ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡക്ഷന്‍ നിര്‍വ്വഹിക്കുന്നത്. സംവിധാനം ആരാ നിര്‍വഹിക്കുമെന്നതില്‍ തീരുമാനമായിട്ടില്ല.
2022ല്‍ പുറത്തിറങ്ങിയ 'ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍' ആണ് സീരിസിലെ അവസാന ചിത്രം. ക്രിസ് പ്രാറ്റ്, ബ്രൈസ് ഡാളസ് ഹോവാര്‍ഡ്, സാം നീല്‍, ലോറ ഡെര്‍ണ്‍, ജെഫ് ഗോള്‍ഡ്ബ്ലം എന്നിവരുള്‍പ്പെടെ മുന്‍കാല താരങ്ങളില്‍ ആരെങ്കിലും പുതിയ ചിത്രത്തിലുണ്ടാകുമോയെന്ന് വ്യക്തമല്ല.
ലോകത്തെ ഏറ്റവും ലാഭകരമായ സിനിമാ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് 'ജുറാസിക് വേള്‍ഡ്'. തീം പാര്‍ക്കുകള്‍ മുതല്‍ കളിപ്പാട്ട ലൈസന്‍സിംഗ് വരെ വിപുലമാണ് ഫ്രാഞ്ചൈസിയുടെ സാമ്പത്തിക ശ്രോതസ്സുകള്‍. 'മിഷന്‍: ഇംപോസിബിള്‍', 'സ്‌പൈഡര്‍-മാന്‍' ഫ്രാഞ്ചൈസികളിലെ ആദ്യ ചിത്രങ്ങളും 1992-ലെ 'ഡെത്ത് ബിക്കംസ് ഹെര്‍', 2002-ലെ 'പാനിക് റൂം', 2005-ലെ 'വാര്‍' എന്നിവയുള്‍പ്പെടെ ഡേവിഡ് കോപ്പിന്റെ നിര്‍മിതിയിലുള്ളതാണ്.