'ആര്‍ഡിഎക്സ്' സിനിമയുടെ സംഘട്ടന രംഗത്തിനിടെ കാലിനു ഗുരുതരമായി പരുക്ക് പറ്റിയ സംഭവം വെളിപ്പെടുത്തി നീരജ് മാധവ്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന്റെ കാലിന്റെ കുഴ തെറ്റിയത്. ''ക്ലൈമാക്സ് ഫൈറ്റില്‍ ഞാനൊരാളെ കിക്ക് ചെയ്തിട്ട് ഇങ്ങനെ തന്നെ നില്‍ക്കണം. പക്ഷേ അതിനു താഴെ ഫോം പാഡ്സ് വച്ചിട്ടുണ്ട്. അതില്‍ കാല് സ്റ്റക്ക് ആയി 'ടക്കേ' എന്നൊരു ശബ്ദം കേട്ട് ഞാന്‍ വീണു.
കാലിനു വലിയ പരുക്ക് പറ്റിയെന്നും പടത്തില്‍ നിന്നും ഞാന്‍ മാറേണ്ടി വരുമെന്നും ചിന്തിച്ചുപോയി. അന്‍പറിവ് മാസ്റ്റേഴ്സ് വന്ന ആദ്യ ദിനം കൂടി ആയിരുന്നു അത്.''നീരജ് മാധവ് പറഞ്ഞു.
ആ പരുക്കിനു ശേഷം തനിക്ക് എന്തു സംഭവിച്ചുവെന്നത് ഒരു വിഡിയോയിലൂടെ പ്രേക്ഷകരോടു പങ്കുവയ്ക്കുകയാണ് താരം. ടോം ആഷ്ലി എന്ന ഫിസിയോതെറാപ്പിസ്റ്റ് ആണ് നീരജിനെ ചികിത്സിച്ച് മണിക്കൂറുകള്‍ കൊണ്ട് പരുക്ക് ഭേദമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ അനുഭവം നീരജ് മാധവ് പങ്കുവെച്ചു.
''നിങ്ങള്‍ കൈവെടിയുമ്പോള്‍ മാത്രമാണ് അത് അവസാനിക്കുന്നത്. എന്നില്‍ വിശ്വസിച്ച ചുരുക്കം ചിലര്‍ക്ക് നന്ദി, എന്നെ സംശയിക്കുകയും തുരങ്കം വയ്ക്കുകയും ചിരിക്കുകയും ചെയ്ത മുഴുവന്‍ പേര്‍ക്കും നന്ദി. ആ പരിഹാസങ്ങളും കളിയാക്കലുകളും എന്റെ ആഗ്രഹത്തിന് ആക്കം കൂട്ടുക മാത്രമാണ് ചെയ്തത്! നിങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ അത് നേടിയെടുക്കാന്‍ നിങ്ങളെ സഹായിക്കുന്നതിന് പ്രപഞ്ചം മുഴുവന്‍ കൂടെ നില്ക്കും.
ചിലത് നമ്മുടെ നിയന്ത്രണത്തിലാണ്, മറ്റുള്ളവ അങ്ങനെയല്ല, എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എനിക്ക് അനുകൂലമായിരുന്നു, അതിന് എനിക്ക് അതിയായ നന്ദിയുണ്ട്. ഞാന്‍ ഒരിക്കലും ഈ വിജയത്തെ നിസ്സാരമായി കാണില്ല, മെച്ചപ്പെടുത്താനും പുനര്‍ നിര്‍മിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. ഒരിക്കല്‍ കൂടി, എല്ലാവര്ക്കും നന്ദി.ഏറ്റവും
പ്രധാനമായി എന്നെ ആ സമയത്ത് ചികിത്സിച്ച ടോം ആഷ്ലിക്ക് നന്ദി പറയുന്നു. എന്നില്‍ ആത്മവിശ്വാസം നിറച്ച് ചുരുങ്ങിയ സമയം കൊണ്ട് പരുക്ക് ഭേദമാക്കിയത് ടോമിന്റെ സഹായത്തോടെയാണ്. അടുത്ത ദിവസം തന്നെ എനിക്ക് സ്റ്റണ്ട് ചെയ്യാന്‍ സാധിച്ചു. നിങ്ങള്‍ ഒരു രക്ഷകനാണ്.''നീരജ് ഫേസ്ബുക്കില്‍ കുറിച്ചു.