കൊച്ചി: പാലാരിവട്ടത്ത് നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട് സുരാജ് വെഞ്ഞാറമൂടിന് എംവിഡി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. സുരാജ് നേരിട്ടെത്തി നോട്ടീസ് കൈപ്പറ്റിയെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
അപകടവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്നാണ് സുരാജിനോട് എറണാകുളം ആര്‍ടിഒ ആവശ്യപ്പെട്ടിരിക്കുന്നത്.അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് സുരാജിനെതിരെ കേസെടുത്തത്.
സുരാജ് യാത്ര ചെയ്തിരുന്ന കാര്‍ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മലപ്പുറം സ്വദേശി ശരത്തിന്റെ കാലിന് സാരമായ പരുക്കേറ്റിരുന്നു.
സുരാജിനോട് വാഹനവുമായി ഹാജരാകാന്‍ പാലാരിവട്ടം പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസില്‍ പങ്കെടുക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് സുരാജിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. സുരാജ് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം എതിര്‍ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.